Monday, April 16, 2007

നീര്‍മാതളം (ചെറുകഥ)

ഞാനീ കഥയെഴുതുമ്പോള്‍ എന്നെ ഒരടിയന്തരപ്രശ്നം അലട്ടുന്നുണ്ട്. എന്റെ കഥയില്‍ ഞാന്‍ ചേര്‍ക്കാനുദ്ദേശിക്കാത്ത ഒരു കഥാപാത്രം - ഒരു സ്ത്രീകഥാപാത്രം - ഇടയ്ക്കിടയ്ക്ക് കഥയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു. ഞാനവളെ എന്റെ ഇടംകൈയുകൊണ്ട് വരിഞ്ഞുപിടിച്ച് വലംകൈകൊണ്ടാണ് കഥയെഴുതുന്നത്. എങ്ങനെയായാലും കഥ പറഞ്ഞല്ലേ ഒക്കൂ.

നളിനി എന്നു പേരായ ഒരെഴുത്തുകാരിയാണ് എന്റെ കഥാനായിക. നൂറുകണക്കിന് കഥകളും കവിതകളും എഴുതി ധാരാളം പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ വലിയ എഴുത്തുകാരിയാണവര്‍. അവരുടെ ജീവിതത്തെക്കുറിച്ചും അവരുടെ അയല്‍ക്കാരെക്കുറിച്ചും സ്വന്തം അനുഭവങ്ങളെക്കുറിച്ചും അവരെഴുതി. ....

"ഹൊ" എന്റെ ഇടംകൈ തള്ളിമാറ്റിക്കൊണ്ട് ആ കഥാപാത്രം പുറത്തുവന്നിരിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ ക്ഷമിക്കുമല്ലോ.

കഥാപാത്രം:‍ അവരെഴുതിയത് അവരെക്കുറിച്ചു മാത്രമല്ല. സമൂഹത്തെക്കുറിച്ചാണ്. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചതിനെ അവരുടേതുമാത്രം എന്നാക്കി ചുരുക്കരുത്.
ഞാന്‍ ‍: നിന്റെ അഭിപ്രായം എനിക്കാവശ്യമില്ല. എന്റെ കഥക്കളത്തില്‍നിന്ന് പുറത്തുപോകൂ.
കഥാപാത്രം: ഞാന്‍ വലിഞ്ഞുകയറിവന്നതല്ല. നിങ്ങളെഴുതുന്നത് എന്നെക്കുറിച്ചല്ലേ?
ഞാന്‍: എന്താ, നിന്റെ പേര് നളിനിയെന്നാണോ?
കഥാപാത്രം: അല്ല
ഞാന്‍: പിന്നെ?
കഥാപാത്രം: പേരെന്റേതല്ല.. പക്ഷേ...

പ്രിയപ്പെട്ട വായനക്കാരാ, ഖേദമുണ്ട്. ഞാന്‍ എന്റെ അഴുകിയ തൂവാല അവളുടെ വായില്‍ കുത്തിത്തിരുകിയിരിക്കയാണ്. അല്പനേരം ശാന്തത പ്രതീക്ഷിക്കാം.

നളിനി കൂടെക്കൂടെ പ്രശസ്തയായിവന്നു. അവള്‍ അത്ര സുന്ദരിയൊന്നുമല്ലായിരുന്നു. എന്നാല്‍ കുപ്പിവളകള്‍ അവരുടെ ജീവനായിരുന്നു. ഉദിച്ചുപൊങ്ങുന്ന സൂര്യവര്‍ണ്ണശോഭ നിറഞ്ഞ പൊട്ട് അവരുടെ പ്രാണനായിരുന്നു. രാത്രിയുടെ കനത്ത ഇരുട്ടിലും മിന്നിത്തിളങ്ങുന്നതായിരുന്നു അവരുടെ പ്രിയപ്പെട്ട മൂക്കുത്തി. അവര്‍ അവരെക്കുറിച്ചുമാത്രം എഴുതിയതിനാല്‍ അവരുടെ കഥാപാത്രങ്ങളെല്ലാം പൊട്ടുതൊട്ട്, മൂക്കുത്തിയിട്ട്, വളയിട്ട് കിലുങ്ങിക്കുലുങ്ങി തെറിച്ചുനടക്കുന്നവരായി. 'ഫെമിനിസ്റ്റ്' എന്നും 'പെണ്ണെഴുത്ത്' എന്നും വിളിച്ച നാക്കുകൊണ്ട് നാട്ടുകാരും അവാര്‍ഡ് വിതരണക്കാരും അവളെ തെറിവിളിച്ചു. "പെണ്ണ് കിലുങ്ങേണ്ടവളാണു പോലും!"

വായനക്കാരാ.... അവളെന്റെ തൂവാല തുപ്പിക്കളഞ്ഞിരിക്കുന്നു. രക്ഷയില്ല.

കഥാപാത്രം: അവള്‍ ഫെമിനിസ്റ്റാണ്. അവരെഴുതിയത് യഥാര്‍ത്ഥ സ്ത്രീത്വത്തെക്കുറിച്ചല്ലേ?
ഞാന്‍: ഇതു വലിയ ശല്യമായല്ലോ.
കഥാപാത്രം: പെണ്ണ് പെണ്ണായിത്തന്നെ ജീവിക്കണം. വളയിടാതെ, പൊട്ടുതൊടാതെ, കിലുങ്ങാതെ... മുടിവെട്ടിയും വാച്ചുകെട്ടിയും ഷര്‍ട്ടുധരിച്ചും ആണായിത്തീരുകയല്ല വേണ്ടത്.
ഞാന്‍: പൊന്നിന്‍കുടത്തിനെന്തിനാ പൊട്ട്?
കഥാപാത്രം: സ്ത്രീ ഒരു പൊന്നിന്‍കുടമല്ല.
ഞാന്‍: പിന്നെ?
കഥാപാത്രം: ഞാന്‍ പറയാം. ഞാന്‍ നിങ്ങളുടെ നായികയാവട്ടെ? എന്റെ പേരു മാറ്റൂ. ഞാന്‍ നളിനിയല്ല.
ഞാന്‍: ഓക്കെ. നീ ഈ ജ്യൂസ് കുടിച്ചു ചൂടു മാറ്റൂ. ശേഷം പറയാം.

സമാധാനം. ഉറക്കഗുളികയുടെ ക്ഷീണത്തില്‍ അവളുറങ്ങിയിരിക്കുന്നു. വായനക്കാരാ, തടസ്സങ്ങള്‍ സൃഷ്ടിച്ചതില്‍ ഖേദമുണ്ട്.

നളിനിക്ക് അവഗണനകളെ തടുക്കാനായില്ല. അവള്‍ സഹികെട്ടു. നളിനിക്ക് ഭ്രാന്തായി. അവള്‍ അശ്ലീലങ്ങളെഴുതിക്കൂട്ടി. ധാരാളം തെറിക്കത്തുകള്‍ സമ്പാദിച്ചു. അതവള്‍ക്കൊരു ഹരമായി. ഹിന്ദുവായി. മുസ്ലീമായി. കൃസ്ത്യാനിയായി. വീണ്ടും ഹിന്ദുവായി. അവള്‍ മതമെടുത്ത് അമ്മാനമാടി. ജീവിതം ഒരു ഫുട്ബോളാക്കി തട്ടിക്കളിച്ചു.
പിന്നെ... പിന്നെ...

പ്രിയപ്പെട്ട വായനക്കാരാ, ഞാന്‍ ഖേദിക്കുന്നു. ഇപ്പോഴുള്ള പ്രശ്നം കഥാപാത്രത്തിന്റേതല്ല. നളിനിക്ക് പിന്നെ എന്തു സംഭവിച്ചു എന്നെനിയ്ക്കു മനസ്സിലാവുന്നില്ല. കഥാപാത്രം ഉറക്കത്തിലാണ്. അവള്‍ക്കു ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞെന്നു വരും. അവള്‍ ഉണരുന്നതുവരെ കാക്കാം.
....................................

ഞാന്‍: നീ ഉണര്‍ന്നോ?
കഥാപാത്രം: ഉം.
ഞാന്‍: അയാം സോറി. നിനക്കു പറയാനുള്ളത് എനിയ്ക്കു കേള്‍ക്കണം.
കഥാപാത്രം: നിങ്ങളെന്റെ കഥയെ ചീത്തയാക്കി. ഇനി ഞാനെന്തു പറയും?
ഞാന്‍: എന്റെ കഥ പൂര്‍ണ്ണമാവുന്നില്ല. നിന്നെ ഞാന്‍ കഥയിലെ കഥാപാത്രമാക്കാം. എന്റെ കഥയൊന്നു പൂര്‍ണ്ണമാക്കിത്തരൂ.
കഥാപാത്രം: ശരി. ഞാന്‍ പറയാം. എഴുതിക്കോളൂ. അവളിപ്പോള്‍ എന്റെ അവസ്ഥയിലാണ്. ഒരു കഥയിലും കയറിക്കൂടാനാവാതെ. ഉറക്കഗുളിക തിന്നേണ്ടിവന്നും അഴുകിയ തൂവാല തിന്നും ഇടംകൈകൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ടും കഥയെഴുതാനാവാതെ... കഥയില്‍ കയറാനാവാതെ... കിലുങ്ങാതെ.... തെറിക്കാതെ... മൂകയായിക്കൊണ്ട്...
ഞാന്‍: നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നിന്നെ ഞാന്‍ കഥയിലെടുക്കാം. നിനക്ക് എന്തു റോള്‍ വേണം?
കഥാപാത്രം: ഞാനൊരു പൂവാകാം. നിങ്ങളുടെ കഥാനായിക ഏറെ ഇഷ്ടപ്പെട്ടിരുന്ന, അവരുടെ ജീവനായ ഒരു പൂവ്.

36 comments:

ഹരിത. ആര്‍ said...

പ്രിയപ്പെട്ട വായനക്കാരാ,
ഈ കഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.

സു | Su said...

നല്ല കഥ. നല്ല അവതരണം.

Haree said...

ഒരു ഇടവേളക്കു ശേഷം അല്ലേ...
നന്നായിരിക്കുന്നു... :)
--

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

പ്രീയ കഥാകാരി..
പ്രൊഫൈല്‍ പിന്നെ നൊക്കാം അല്ലെങ്കില്‍ ഡിറ്റൈല്‍ഡ് പ്രൊഫൈല്‍ എന്റെ കമന്റിനെ സ്വാധീനിച്ചാലോ?
കഥയുടെ പേര് കണ്ടാണ് വന്നത്..
അവസാനത്തെ പാരഗ്രാഫ് വായിക്കുന്നത് വരേയും ഞാന്‍ കരുതി ആകസ്മികമായാണ്..ആപേര് വന്നതെന്ന് എന്നാല്‍ പിന്നെ എന്റെ ധാരണ മാറി..
ആ അതെന്തെങ്കിലും ആകട്ടെ..
കഥയെകുറിച്ച്.. വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ മുന്‍‌കൂട്ടി തീര്‍ത്ത ഒരു സബ്ജക്റ്റ് മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു..

നല്ലതു പോലെ എഴുതാന്‍ കഴിയുന്നുണ്ടല്ലോ.. ധാരാളം ധാരാളം വായിക്കുക ..
ധാരാളം എഴുതുക..
ഒരു നല്ല ഭാവി ഈ കൊച്ചു കലാകാരിക്കുണ്ടാവട്ടെ..
ആശംസകളോടെ!!
:)

സാജന്‍| SAJAN said...

ഒന്നു രണ്ട് സജക്ഷന്‍സ് പറയട്ടെ.. വായിച്ചിട്ട് ഡിലീറ്റ് ചെയ്തേക്കൂ..
ഈ വേഡ് വെരിഫിക്കേഷന്‍ എടുത്ത് കളയാമോ?
ആദ്യം ഒക്കെ കഴിയുന്നതും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് തോന്നല്‍ വരുന്ന സബ്ജക്റ്റ് ഒഴിവാക്കുന്നതല്ലേ നല്ലത്?

qw_er_ty

ടി.പി.വിനോദ് said...

നന്നായി എഴുതിയിരിക്കുന്നു ഹരിതേ...

“ഞാന്‍: അയാം സോറി. നിനക്കു പറയാനുള്ളത് എനിയ്ക്കു കേള്‍ക്കണം”-എന്ന സംഭാഷണശകലം ഒരുപാട് വെളിച്ചങ്ങള്‍ തരുന്നതായി തോന്നി.എഴുത്ത് എന്ന പ്രവൃത്തിക്ക് അവകാശപ്പെട്ട ഏറ്റവും നിഷ്കളങ്കമായ കാരണങ്ങളിലൊന്നാണത് അല്ലേ?

അഭിനന്ദനങ്ങള്‍
ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

"പെണ്ണ് പെണ്ണായിത്തന്നെ ജീവിക്കണം. വളയിടാതെ, പൊട്ടുതൊടാതെ, കിലുങ്ങാതെ... മുടിവെട്ടിയും വാച്ചുകെട്ടിയും ഷര്‍ട്ടുധരിച്ചും ആണായിത്തീരുകയല്ല വേണ്ടത്...."

ഹരിതേ.. അഭിനന്ദനങ്ങള്‍. കഥയുടെ പേരും, കഥാ തന്തുവും വ്യക്തമായി പറയുന്നുണ്ട് ഈ നളിനി ആരാണെന്ന്.

വേണു venu said...

ഹരിതേ, കഥയിഷ്ടപ്പെട്ടു.:)

സുല്‍ |Sul said...

ഹരിതേ കഥ നന്നായി. നല്ല ശൈലി. നല്ല അവതരണം. തുടരുക.

ഓടോ : മലയാളിക്കന്ന്യമായ ഈ നീര്‍മാതളവും ഗുല്‍മോഹറും, മലയാള സാഹിത്യത്തില്‍ നിന്നെന്നാണാവോ പിണ്ഠം വെക്കപ്പെടുന്നത്.
-സുല്‍

Rasheed Chalil said...

നല്ല കഥ... നല്ല അവതരണവും.

Sathees Makkoth | Asha Revamma said...

harithe,
nannayi ezhuthunnundu.
thudaranam.

വിനോജ് | Vinoj said...

അവഗണനകള്‍ സഹിക്കാനാവാതെ അശ്ലീലങ്ങള്‍ എഴുതിക്കൂട്ടിയ ആളായിട്ടാണോ മാധവിക്കുട്ടിയെകണ്ടിരിക്കുന്നത്‌. കഷ്ടമായിപ്പോയി. കഥയില്‍ അവരെ കുറിച്ച്‌ അല്‍പ്പം വ്യത്യസ്ഥമായ 2 അഭിപ്രായങ്ങള്‍ കാണുന്നു. ശരിക്കും, ഹരിതയുടെ അഭിപ്രായം എന്താണ്‌.

ചേച്ചിയമ്മ said...

:)കഥ ഇഷ്ടപ്പെട്ടു.

വിനോജ് | Vinoj said...

ഹരിതയുടെ മറ്റു രചനകള്‍ വായിച്ചു. അവയും നന്നായിരിക്കുന്നു. ഞാന്‍ മാധവിക്കുട്ടിയുടെ ഒരു ആരാധകനാണ്‌. മോള്‍ക്ക്‌ അവരുടെ രചനകള്‍ ധാരാളം വായിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാറും. ഈ പ്രായത്തില്‍ വേണമെങ്കില്‍ അല്‍പം സെലെക്റ്റീവാകാം, അക്കാര്യം അഛനെ ഏല്‍പ്പിക്കാം. വളരെ ലളിതമായ ഭാഷയാണ്‌ അവരുടേത്‌, അതേ സമയം ആകര്‍ഷകവും. Try it.

അത്തിക്കുര്‍ശി said...

ഞാനിവിടെ ആദ്യമായാണ്‌.
നന്നായി എഴുതിയിരിക്കുന്നു

Kaithamullu said...

വന്നു, കണ്ടു, വായിച്ചു.
-അഭിപ്രായം?
:-)

asdfasdf asfdasdf said...

നന്നായിരിക്കുന്നു.
ഞാനൊരു പൂവാകാം. നിങ്ങളുടെ കഥാനായിക ഏറെ ഇഷ്ടപ്പെട്ടിരുന്ന, അവരുടെ ജീവനായ ഒരു പൂവ്.
വെക്കേഷനല്ലേ..ഇനിയും നല്ല നല്ല കഥകള്‍ എഴുതൂ.

അനൂപ് :: anoop said...

കൊള്ളാം, നല്ല കഥ!ഒരു പുതുമയുണ്ട് ഈ അവതരണത്തില്‍.
:)

ഹരിത. ആര്‍ said...

"അവള്‍ക്ക് അവഗണനകളെ തടുക്കാനായില്ല. അവള്‍ അശ്ലീലങ്ങള്‍ എഴുതിക്കൂട്ടി.ധാരാളം തെറിക്കത്തുകള്‍ സമ്പാദിച്ചു".ഈ വരികള്‍ പലരേയും തെറ്റിദ്ധരിപ്പിച്ചെന്നു തോന്നുന്നു. അത് കഥാകാരിയായ എന്‍െറ അഭിപ്രായമല്ല. മറിച്ച് കഥാകാരനായ എന്‍െറ കഥാപാത്രത്തിന്‍െറ അഭിപ്രായമാണ്. വ്യക്തിപരമായി ഞാന്‍ യോജിക്കുന്നത് അതിലെ സ്ത്രീ കഥാപാത്രത്തിന്‍െറ അഭിപ്രായങ്ങളോടാണ്.

മുരളീധരന്‍ വി പി said...

കഥനരീതിയും വീക്ഷണങ്ങളും നന്നായിട്ടുണ്ട്‌.
പകലുറക്കവും ഇഷ്ടപ്പെട്ടു.
രചനയുടെ സങ്കേതങ്ങള്‍ മാറിമാറിപ്പരീക്ഷിച്ചു കാണുമ്പോള്‍ സന്തോഷമേറുന്നു.
എല്ലാ വിധ ഭാവുകങ്ങളും


Murali, Mumbai

Anonymous said...

Nalla blog. Kathakalum nannayirickunnu.
Sobha, Kannanivas

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

lulu said...

നല്ല അവതരണവും പ്രമേയവും.........
തീര്‍ച്ചയായും നല്ല ഭാവിയുന്ദാകും..........

ഗുപ്തന്‍ said...

ഹരിത
വിഷയത്തിലെ വൈവിധ്യവും അവതരിപ്പിച്ച രീതിയും പ്രൊഫൈലിലെ പ്രായത്തെ സംബന്ധിക്കുന്ന സൂചനയും ചേര്‍ത്തുവായിക്കുമ്പോള്‍ തികച്ചും അത്ഭുതപ്പെടുത്തി ഈ കഥ. ഒരുപാട് പ്രതീക്ഷതരുന്ന എഴുത്ത്.

ഈ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാമായിരുന്നു എന്നു തോന്നുന്നു. മെച്ചമായിരുന്നേനേ.

ഭാവുകങ്ങള്‍

Jayasree Lakshmy Kumar said...

ഒരുപാടിഷ്ടമാ‍യി ഈ ‘നീര്‍മാതള’പ്പൂവ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട അതിന്റെ നന്മ വരച്ചു കാട്ടാന്‍ ശ്രമിച്ച എഴുത്തിന്റെ രീതിയേയും

സുനീഷ് said...

ഹരിതേ വളരെ വളരെ നല്ല കഥ. 12-ആം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. ഒരു പാട് വായിക്കൂ, എഴുതൂ. ആശംസകള്‍.
ഓഫ്: മാധവിക്കുട്ടി മലയാളത്തിലെ ഏറ്‌റവും മികച്ച കഥാകൃത്താണെന്ന് ആരൊക്കെയോ പറഞ്ഞതു കണ്ടു. യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സ്ത്രീകള്‍ അധികമാരും സാഹിത്യത്തിലേക്ക് കടന്നു വരാന്‍ മടിച്ചിരുന്ന/വിലക്കപ്പെട്ടിരുന്ന ഒരു കാലത്ത് അവര്‍ കുറെ ഭേദപ്പെട്ട കഥകള്‍ എഴുതി എന്നത് സത്യമാണ്‍. എന്നു വച്ച് അവര്‍ മലയാളത്തിലെ ഏറ്‌റവും മികച്ച കഥകള്‍ എഴുതി എന്നൊക്കെ പറഞ്ഞാല്‍; ഒന്നെങ്കില്‍ അത് വ്യക്തിപരമായ അഭിരുചിയുടെ പേരിലോ അല്ലെങ്കില്‍ മലയാളത്തിലെ മറ്‌റു മികച്ച കഥകള്‍ വായിക്കാത്തതിന്‍‌റെ കുറവു കൊണ്ടോ വന്ന അഭിപ്രായമായേ എനിക്കു കാണാന്‍ കഴിയൂ. പിന്നെ അവരുടെ ജീവിതം അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കുന്ന ആര്‍ജ്ജവത്തെ എനിക്കിഷ്ടമാണ്‍ :)

ഹരിത് said...

പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കഥ വളരെ ഇഷ്ടമായി. ഭാവുകങ്ങള്‍.
കഥ കാട്ടിത്തന്ന ഗുപ്തനും നന്ദി.

പാമരന്‍ said...

അല്‍ഭുതമാണെനിക്കു തോന്നുന്നത്‌. നാളത്തെ ഒരു നല്ല എഴുത്തുകാരിയായി വളരൂ... എല്ലാ ഭാവുകങ്ങളും..!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കഥയില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുണ്ട്‌,അവതരണത്തില്‍ പുതുമയും. നല്ല ഒരു എഴുത്തുകാരിയായി മാറട്ടെ എന്നാശംസിക്കുന്നു.

un said...

ഇവിടെ എത്തിച്ചതിന് ഗുപ്തനു നന്ദി. കഥ ഇഷ്ടമായി.
ഓഫ്: കമന്റുകളിലെ ഉപദേശങ്ങള്‍ കണ്ടിട്ട് ചിരിക്കാതെന്തു ചെയ്യും! :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

വളരെ ഇഷ്‌ടപ്പെട്ടു. കഥ അവതരിപ്പിച്ച ആ രീതി ഒരുപാട് ഇഷ്‌ടായി.

വാഴക്കോടന്‍ ‍// vazhakodan said...

പുതിയൊരു വായനാ അനുഭവമായിരുന്നു കഥ. എങ്കിലും ഒരു ഗുരുത്വക്കേട്‌ ഉണ്ടോന്നൊരു സംശയം.തികച്ചും സംശയം മാത്രം. സസ്നേഹം.....വാഴക്കോടന്‍.

ഗൗരിനാഥന്‍ said...

katha assalayi, thoovala thuppi kalanju viaharikkunna avare marakkanavunnilla

Anonymous said...

very nice...... you must write a lot.... i expect a sequal to this story..... you must write it..... thanks... by, meetnitheeshr@yahoo.co.in

അസ്‌ലം said...

നല്ല ഒരു ഭ്രാന്തന്‍ കഥ നന്നായിരിക്കുന്നു