Saturday, December 30, 2006

പകലുറക്കം

(ചെറുകഥ)

കാലുകള്‍ പിണച്ചുവച്ച്‌ തലയെ കൈകള്‍കൊണ്ടു പൊതിഞ്ഞ്‌ കട്ടിലില്‍ വിലങ്ങനെ കിടന്നു. ഉച്ചയുടെ നിശ്ശബ്ദത. കണ്‍പോളകളില്‍ ഉറക്കംവന്നു തട്ടുന്നു. വല്ലപ്പോഴും പോകുന്ന സൈക്കിളിന്റേയോ സ്കൂട്ടറിന്റേയോ ശബ്ദം. അല്ലെങ്കില്‍ കൂര്‍ക്കംവലിയുടെ. പക്ഷെ, ഇവയൊന്നും ഉച്ചയുടെ നിശ്ശബ്ദതയെ തകര്‍ക്കുന്നതായി തോന്നിയില്ല. പകരം നനവുള്ള ഒരു ബാല്യകാലസ്മരണ ആ ഉച്ചയില്‍നിന്ന്‌ പതുക്കെ കിളിര്‍ത്തുവന്നു.

പകലുറക്കം ഇല്ലാത്ത കുട്ടി. ഉച്ചയൂണിന്റെ തിടുക്കത്തിനുശേഷം ശാന്തമാകുന്ന തറവാട്ടില്‍ താന്‍മാത്രം ഉണര്‍ന്നിരിക്കും. അമ്മയുടെ നനഞ്ഞ സാരിക്കടുത്ത്‌ വെറുതേ കിടക്കുമെങ്കിലും ഉറക്കം വരില്ല. ഏകദേശം അമ്മയുംകൂടി ഉറങ്ങി എന്നാകുമ്പോള്‍ മെല്ലെ എണീക്കും. തോട്ടത്തിലൊക്കെ ചുറ്റിനടക്കും. ഒറ്റയ്ക്ക്‌ എന്തെങ്കിലും പറയും. ആരോടെന്നില്ല. മാവിനോടു പറയും. പാമ്പിന്‍കാവിലെ വിളക്കിനോടു പറയും. തടിച്ച മാവിന്റെ തടിയില്‍ പറ്റിച്ചേര്‍ന്ന കാക്കപ്പൊന്നിനോടു പറയും. അവള്‍ക്കതെല്ലാം കൂട്ടുകാരായിരുന്നു. തന്റെ പ്രായമുള്ള കുട്ടികള്‍.

തോട്ടത്തില്‍ ചുറ്റിയടി വെറുതെയല്ല. മുത്തച്ഛനോ മുത്തശ്ശിയോ ബാക്കിവന്നു കളഞ്ഞ ഗുളികത്തോടുകളും 'ഓയിമെന്റ്‌'ട്യൂബുകളും ശേഖരിക്കും. (തൊടരുത്‌, എടുക്കരുത്‌ എന്ന അമ്മയുടെ വിലക്ക്‌ ഓര്‍മ്മ വരാഞ്ഞിട്ടല്ല.) 'ഓയിമെന്റ്‌'ട്യൂബിന്റെ ചെറിയ ദ്വാരത്തില്‍നിന്ന്‌ ഞാഞ്ഞൂലുപോലെ പുറത്തുചാടുന്ന 'ഓയിമെന്റ്‌' നോക്കിനില്‍ക്കും.ചുറ്റിയടി നിര്‍ത്തി വീണ്ടുംവന്ന്‌ അമ്മയുടെ പാതി നനഞ്ഞ സാരിയില്‍ മുഖംപൂഴ്ത്തി കിടക്കും. പക്ഷെ ഉറക്കം വരില്ല.

അപ്പോള്‍ ചെറിയ ഒരു വിശപ്പ്‌ തോന്നും. ശബ്ദമുണ്ടാക്കാതെ എണീറ്റ്‌ അടുക്കളയില്‍ പോകും. പാല്‍പ്പൊടി ടിന്‍ നോക്കും. കാണില്ല. ഒരുപാട്‌ അരിച്ചുപെറുക്കിയാലും കിട്ടില്ല. ഒടുവില്‍ പതഞ്ഞുപൊന്തിയ ഉമിനീരിനെ ഉറക്കിയിട്ട്‌ അല്‍പ്പം വെള്ളം കുടിച്ചു പോകും. വീണ്ടും അമ്മയുടെ സാരിയില്‍ അഭയംതേടും. അമ്മയുടെ സാരിയിലെ ആ നനവ്‌ പതിയെ മുഖത്തേക്കും ദേഹത്തേക്കും പരക്കും. അപ്പോഴൊരു സുഖം കിട്ടും. അമ്മയെ മുറുകെ പിടിച്ചുകിടക്കും. പക്ഷെ ഉറങ്ങില്ല.

ഇന്ന്‌ ആ നനവു കിട്ടുന്നില്ലെങ്കിലും ഉറക്കം വരുന്നു. നനുത്ത കാറ്റില്‍ ഉലയുന്ന വാഴയുടെ ഇലയുടെ ശബ്ദം കേള്‍ക്കാഞ്ഞിട്ടല്ല. മാവിന്‍മുകളില്‍നിന്നും ഞെട്ടറ്റുവീഴുന്ന മാമ്പഴം എടുക്കാന്‍ തോന്നാഞ്ഞിട്ടല്ല. ഓയിമെന്റ്‌ ട്യൂബില്‍നിന്നും പുറത്തുചാടുന്ന ഞാഞ്ഞൂലുകളുടെ കൗതുകം ഇല്ലാഞ്ഞിട്ടല്ല.

എന്തോ ഉറക്കം വരുന്നു......

നന്ദി

എന്‍റെ ഈ ചെറിയ ആവിഷ്കാരത്തിന്‌ പ്രോത്സാഹനവും വിമര്‍ശനവും നിര്‍ദ്ദേശവും നല്‍കിയ എല്ലാ ബൂലോകവാസികള്‍ക്കും നന്ദി. നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചു. അച്ഛന്‍ വായിച്ച്‌ കേട്ട ഒരു ഇംഗ്ലീഷ്‌ കവിതയുടെ ആശയത്തില്‍നിന്നാണ്‌ ഈ തിരക്കഥയുടെ ബീജം ഉരുത്തിരിഞ്ഞത്‌. അഭിപ്രായങ്ങളില്‍ നിന്ന്‌ തിരക്കഥയിലെ 18-ാ‍മത്തെ സീന്‍ ഒരു പ്രശ്നമായി കണ്ടു.യുറീക്കയില്‍ ഈ സീന്‍ മറ്റൊരു വിധത്തിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അത്‌ ദൃശ്യന്‍മാമന്‍ പറഞ്ഞതു പോലെ ഒരു ഫാന്‍റസിതലം കൈവരുന്ന രീതിയിലുള്ളതാണ്‌. രചനാസമയത്ത്‌ രണ്ട്‌ വിധത്തില്‍ ആ സീന്‍ ഞാന്‍ എഴുതിയിരുന്നു. പിന്നീട്‌ ആ ഫാന്‍റസി തലം മാറ്റി അതിനെയൊന്ന്‌ റിയലിസ്റ്റിക്കാക്കിയെന്നേയുള്ളൂ. ഹരിമാമെ‍ന്‍റ അഭിപ്രായങ്ങളെ സ്വീകരിക്കുന്നു. തിരക്കഥ എന്ന മാധ്യമത്തെ ആദ്യമായാണ്‌ ഞാന്‍ കൈകാര്യം ചെയ്യുന്നത്‌. അതിനാല്‍ ഷോട്ട്‌, സീന്‍ തുടങ്ങിയവയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഈ അറിവ്‌ തന്നതിന്‌ നന്ദി.

Thursday, December 28, 2006

ഒളിച്ചുകളി

തിരക്കഥ /ഹരിത.ആര്‍
(2006 ഡിസംബര്‍ ലക്കം യുറീക്കയില്‍ പ്രസിദ്ധീകരിച്ചത്)

സീന്‍ ഒന്ന്‌

പകല്‍. വീട്ടു മുറ്റം.അമ്മു ഒരു പുല്ലിനടിയില്‍ ഒളിച്ചിരിക്കയാണ്‌.കാല്‍മുട്ടുകള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ തല കാല്‍മുട്ടിലൂന്നി കുനിഞ്ഞിരിക്കുകയാണ്‌.ഇടക്ക്‌ തലപൊന്തിച്ച്‌ നോക്കുന്നുണ്ട്‌.ഒന്ന്‌..രണ്ട്‌..മൂന്ന്‌...എന്നിങ്ങനെ ഒരാണ്‍കുട്ടിയുടെ ശബ്ദം പതിഞ്ഞസ്വരത്തില്‍ കേള്‍ക്കാം.എണ്ണുന്നയാളെ കാണു്നില്ല.

സീന്‍ രണ്ട്‌

പകല്‍. വീട്ടു മുറ്റം.ചുവരില്‍ മുഖമമര്‍ത്തി കൈകള്‍ കൊണ്ട്‌ പൊത്തി ഉണ്ണി എണ്ണുകയാണ്‌. ഉണ്ണി"ആറ്‌...ഏഴ്‌... എട്ട്‌..." എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുന്നു.

സീന്‍ മൂന്ന്‌

വീട്ടു മുറ്റം.അമ്മു പുല്ലുകള്‍ വകഞ്ഞു മാറ്റി ഉണ്ണിയെ നോക്കുന്നു.വീണ്ടും ഒളിഞ്ഞിരിക്കുന്നു.പാവാട വകഞ്ഞൊതുക്കി ഉണ്ണി കാണാതിരിക്കാനായി പുല്ലുകള്‍ക്കുള്ളിലേക്ക്‌ ഒന്നുകൂടി കുനിഞ്ഞിരിക്കുന്നു.

സീന്‍നാല്‌

ഉണ്ണി എണ്ണിക്കൊണ്ടിരിക്കയാണ്‌.മുപ്പത്തിയൊന്ന്‌...മുപ്പത്തിരണ്ട്‌...ഇടക്ക്‌ ഇടങ്കണ്ണിട്ട്‌ നോക്കുന്നുണ്ട്‌(ക്ലോസ്‌ അപ്പ്‌).അതിനിടയില്‍ ചുവരില്‍ വലകെട്ടിയിരിക്കുന്ന എട്ടുകാലിയെ കാണുന്നു. തന്മൂലം എണ്ണം തെറ്റുന്നുണ്ട്‌.മുപ്പത്തിനാല്‌..അമ്പത്തിയൊന്ന്‌.....നൂറ്‌...എന്ന്‌ എണ്ണല്‍ അവസാനിപ്പിച്ച്‌ എട്ടുകായി വല നോക്കി നില്‍ക്കുന്നു.എട്ടുകാലി വലക്കു ചുറ്റും ഓടുന്നു.(ക്ലോസ്‌ അപ്പ്‌)

സീന്‍ അഞ്ച്‌

അമ്മു എത്തി നോക്കുന്നു (ക്ലോസ്‌ അപ്പ്).ഉണ്ണിയുടെ എണ്ണല്‍ അവസാനിച്ചതിെ‍ന്‍റ സന്തോഷമുണ്ട്‌.പുല്ലുകള്‍ക്കിടയിലേക്ക്‌ വീണ്ടും കുനിയുന്നു.

സീന്‍ ആറ്‌

ചിലന്തിവലയില്‍ അനക്കമില്ല.ഉണ്ണി കൌതുകപൂര്‍വ്വം അതിനെ നിരീക്ഷിക്കയാണ്‌.പെട്ടെന്ന്‌ എന്തോ കാലില്‍ കടിച്ചതുപോലെ താഴേക്ക്‌ നോക്കുന്നു.ഒരു പറ്റം ഉറുമ്പുകള്‍ വരിവരിയായി പോകുന്നത്‌ കാണുന്നു(ക്ലോസ്‌ അപ്പ്‌).അവയെ പിന്‍തുടരുന്നു.കുനിഞ്ഞ്‌ കൈയൂന്നി പതിയെ ഉറുമ്പുകളെ നിരീക്ഷിക്കുന്നു.ഇടക്ക്‌ അവയെ എണ്ണാന്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷെ എണ്ണം ശരിയാവുന്നില്ല.

സീന്‍ ഏഴ്‌

അമ്മു അക്ഷമയായി ഒരു കോലെടുത്ത്‌ മണ്ണില്‍ കുഴികളുണ്ടാക്കുന്നു.പിന്നീട്‌ ഉണ്ണിയുടെ ശ്രദ്ധ തിരിക്കാന്‍ ഒരു പൂച്ചെടി എടുത്ത്‌ അവളിരിക്കുന്ന പുല്ലിനു മുകളിലായി അനക്കങ്ങള്‍ സൃഷ്ടിക്കുന്നു.(ലോങ്ങ്‌ ഷോട്ട്‌ )

സീന്‍ എട്ട്‌

ഉണ്ണി ഉറുമ്പിെ‍ന്‍റ കൂട്‌ കണ്ടെത്തിയിരിക്കുന്നു.ഒരു കൂട്ടു ഉറുമ്പുകള്‍ ഒരു ചത്ത തുമ്പിയുമായി കൂട്ടിലേക്ക്‌ വരുന്നു.ഉണ്ണി തുമ്പിയെ പിടിക്കുന്നു.അതിനെ പലതവണ അനക്കി നോക്കുന്നു.ചത്ത തുമ്പിയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനെ മുറ്റത്ത്‌ ഒരു കുഴികുത്തി അതിലേക്ക്‌ വലിച്ചിടുന്നു.

സീന്‍ ഒന്‍പത്‌

അമ്മു നിരാശയാണ്‌.മുഖത്ത്‌ അക്ഷമാ ഭാവം പ്രകടമാണ്‌.ഉണ്ണിയുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.(കിളികളുടേയും മറ്റും ശബ്ദങ്ങള്‍).മനപ്പൂര്‍വ്വം തെ‍ന്‍റ പാവാടയുടെ അറ്റം ഉണ്ണിക്ക്‌ കാണാനാവും വിധം വിടര്‍ത്തിയിടുന്നു.

സീന്‍ പത്ത്‌

ഉണ്ണി തുമ്പിയെ കുഴിച്ചിട്ട്‌ കഴിഞ്ഞിരിക്കുന്നു.പെട്ടെന്ന്‌ കാറ്റു വീശാനും മഴപെയ്യാനും തുടങ്ങി.ഉണ്ണി അകത്തേക്ക്‌ ഓടുന്നു.വരാന്തയിലിരുന്ന്‌ മഴ കാണുന്നു.പെട്ടെന്ന്‌ എന്തോ ഓര്‍ത്തശേഷം അകത്തേക്ക്‌ ഓടുന്നു.

സീന്‍ പതിനൊന്ന്‌

വീടിന്‍റെ അകം.ഉണ്ണി അലമാരയിലെന്തോ തിരയുകയാണ്‌.പുസ്തകങ്ങളും മറ്റും വലിച്ചിട്ട്‌ പരിശോധിക്കുന്നു.പിന്നീട്‌ അല്‍പ്പം മടിയോടെ പാഠപുസ്തകത്തില്‍ നിന്ന്‌ ഒരു പേജ്‌ ചീന്തുന്നു.അതുപയോഗിച്ച്‌ ഒരു കചലാസ്‌ തോണിയുണ്ടാക്കുന്നു.(പുറത്തു നിന്നും കനത്ത മഴയുടെ ശബ്ദം കേള്‍ക്കാം.)

സീന്‍ പന്ത്രണ്ട്‌

വീട്ടുമുറ്റം.മുറ്റത്ത്‌ വെള്ളം ഒഴുകുന്നുണ്ട്‌.തോണി കയ്യിലെടുത്ത്‌ അതിലേക്ക്‌ ഒരു ഉറുമ്പിനെ പിടിച്ചിടുന്നു.എന്നിട്ട്‌ തോണി വെള്ളത്തിലിറക്കുന്നു.പതിയെ ഒഴുക്കിക്കൊടുക്കുന്നു.തോണിയിലിരുന്ന്‌ ഉറുമ്പ്‌ പലവഴി ഓടുന്നു.(ക്ലോസ്‌ അപ്പ്്‌).ഉണ്ണിയുടെ മുഖത്ത്‌ സന്തോഷം.അവന്‍ തോണി പോവുന്നത്‌ ചേച്ചിയെ വിളിക്കുന്നു. പെട്ടെന്ന്‌ എന്തോ ഓര്‍മ്മ വന്നതുപോലെ അല്‍പ്പനേരം ആലോചിക്കുന്നു.മുഖഭാവം മാറുന്നത്‌ കാണാം.

സീന്‍ പതിമൂന്ന്‌

മഴ തോര്‍ന്നിരിക്കുന്നു.ഉണ്ണി ചേച്ചിയെ നീട്ടി വിളിച്ചുകൊണ്ട്‌ നടക്കുകയാണ്‌.മുഖത്ത്‌ പരിഭ്രമം പ്രകടമാണ്‌.ഉണ്ണി ഓടുന്നുണ്ട്‌.പുല്ലുകളും മരങ്ങളും വകഞ്ഞു മാറ്റി നോക്കുന്നുണ്ട്‌.

സീന്‍ പതിനാല്‌

ഉണ്ണിയുടെ തോണി ഒഴുക്കിലൂടെ ഒഴുകി ഒരു ദ്വാരത്തിലൂടെ ഒരു അഴുക്കു ചാലിലെത്തുന്നു.(ലോങ്ങ്‌ ഷോട്ട്‌)

സീന്‍ പതിനഞ്ച്‌

ഉണ്ണി ഓടിനടക്കുകയാണ്‌.ചേച്ചീ എന്ന്‌ നീട്ടി വിളിക്കുന്നുണ്ട്‌.മുഖം വല്ലാതെ ചുവന്നിരിക്കുന്നു.അമ്മു ഇരുന്നിരുന്ന പുല്ലിനടുത്തെത്തുന്നു.ഉണ്ണി പുല്ലുകള്‍ വകഞ്ഞുമാറ്റുന്നു.അവിടം ശൂന്യം.ഉണ്ണിയുടെ ശ്രദ്ധതിരിക്കാന്‍ അമ്മു പറിച്ചെടുത്ത പൂച്ചെടി അവിടെ കിടപ്പുണ്ട്‌.അതിനു മുകളിലായി മഴത്തുള്ളികള്‍ പറ്റി നില്‍പ്പുണ്ട്‌.

സീന്‍ പതിനാറ്‌

തോണി ഒഴുകിപ്പോവുകയാണ്‌.അത്‌ ചില ദ്വാരങ്ങളിലൂടെ കടന്നു പോയി അവസാനം വലിയൊരു തോട്ടിലേക്ക്‌ ഒഴുകിച്ചേരുന്നു.

സീന്‍ പതിനേഴ്‌

ഉണ്ണി ഓടി തോണി എത്തിയ തോടിെ‍ന്‍റ വക്കത്ത്‌ നില്‍ക്കുന്നു.അവന്‍ കിതക്കുന്നുണ്ട്‌.മുഖത്ത്‌ പരിഭ്രമം.പെട്ടെന്ന്‌ അവെ‍ന്‍റ മുഖത്ത്‌ അത്ഭുതം നിഴലിക്കുന്നു.അവനുണ്ടാക്കിയ കടലാസു തോണിയില്‍ അമ്മു തുഴഞ്ഞു പോവുന്നത്‌ അവന്‍ കാണുന്നു.അമ്മു പുഞ്ചിരിച്ചുകൊണ്ട്്കൈവീശിക്കാണിക്കുന്നു.അവള്‍ തോണി തുഴഞ്ഞ്‌ അകലേക്ക്‌ നീങ്ങുന്നു....(ലോങ്ങ്‌ ഷോട്ട്‌)

സീന്‍ പതിനെട്ട്‌

വീട്‌.അകം. ഉണ്ണിയുടെ കരച്ചില്‍ കേള്‍ക്കാം. ഉണ്ണിയെ കാണുന്നില്ല.ക്യാമറ ഉണ്ണി കരയുന്നതിന്‍റെ ഉറവിടം തേടി വീടിെ‍ന്‍അകത്തളങ്ങളിലൂടെ സഞ്ചരിച്ച്‌ അവസാനം കിടപ്പുമുറിയിലെത്തുന്നു.ഉണ്ണി അമ്മുവിനെ കെട്ടിപ്പിടിച്ച്‌ കരയുകയാണ്‌.അമ്മു ഒരു നനഞ്ഞ തുണി ഉണ്ണിയുടെ നെറ്റിയില്‍ വച്ചു കൊടുക്കുന്നു.ഉണ്ണിയുടെ കഴുത്തില്‍ കൈവച്ച്‌ നോക്കുന്നു.ഉണ്ണി കിടന്നുകൊണ്ട്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കുന്നു.അവനുണ്ടാക്കിയ കടലാസ്‌ തോണി ഒരു കല്ലില്‍ തടഞ്ഞ്‌ നില്‍ക്കുന്നു.ഉണ്ണിയുടെ മുഖം.(ക്ലോസ്‌ അപ്പ്).വീണ്ടും തോണിയിലേക്ക്‌ ക്യാമറ.തോണി പതുക്കെ ഒഴുകുന്നു.ഉണ്ണിയുടെ കണ്ണുകള്‍ പതിയെ അടയുന്നു.(ക്ലോസ്‌ അപ്പ്).