Tuesday, April 22, 2008

ആലാഹയുടെ പെണ്‍മക്കള്‍

ഒരുദേശത്തിന്റെ ആത്മാവിഷ്‌കാരം എന്നാണെനിക്കാദ്യം ഓര്‍മ്മവരുന്നത്‌. മലയാളത്തില്‍ ഒരു ചെറിയ പ്രദേശത്തന്റെ സംസ്‌കാരത്തേയും ഭാഷയേയും ഇത്രയധികം ആഴത്തില്‍ സ്‌പര്‍ശിച്ച കൃതികളധികമൊന്നും കാണുകയില്ല. കോക്കാഞ്ചിറ എന്ന കൊച്ചു പ്രദേശത്തിലെ ജനതയുടെ ആവിഷ്‌കാരമാണ്‌ ഈ നോവല്‍.

ആനി ക്ലാസില്‍വെച്ച്‌ പരിഹാസപാത്രമാകുന്നത്‌ അവളുടെ ദേശത്തിന്റെ പേരിലാണ്‌. അലഞ്ഞുനടക്കുന്ന തോട്ടികളുടേയും ഇറച്ചിവെട്ടുകാരുടേയും നാറുന്ന മണം പരത്തുന്ന ദേശമാണ്‌ കോക്കാഞ്ചിറ. ആദ്യം അവിടം ഒരു ശ്‌മശാനമായിരുന്നു. രചയിതാവ്‌ കോക്കാഞ്ചിരയുടെ ചരിത്രം പറയുന്നത്‌ പലരീതിയിലാണ്‌. ആനി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ്‌ ഈ ചരിത്രം നാം വായിച്ചറിയുന്നത്‌. ശ്‌മശാനഭൂമിയായിരുന്ന കോക്കാഞ്ചിറയുടെ തറ കുഴിച്ചു നോക്കിയാല്‍ ചരിത്രം കാണാനാവും. ആ പഴയകാലത്തെ ജനതയുടെ സ്വപ്‌നങ്ങളും മോഹങ്ങളും ചിന്തകളും ഉറങ്ങുന്നത്‌ ഈ മണ്ണിലാണ്‌. ഇത്‌ ആനിയുടെ മനസ്സിലുദിച്ച കഥ. എന്നാല്‍ ആനിയുടെ അമ്മാമ്മ പറഞ്ഞ കഥ ഇതല്ല. ശ്‌മശാനഭൂമിയായതിനാല്‍ നട്ടുച്ചക്കും അര്‍ദ്ധരാത്രിയിലും അതലഞ്ഞു തിരിയുന്ന ഭൂതപ്രേതങ്ങളുടെ ആവാസകേന്ദ്രമായിരുന്ന ഗോസായിക്കുന്നിനു മുകളിലാണ്‌ ഇന്നത്തെ കോക്കാഞ്ചിറ. എന്നാല്‍ കോക്കാഞ്ചിറയുടെ ചരിത്രത്തില്‍ തൃശ്ശൂരങ്ങാടിയുടെ വിസര്‍ജ്ജ്യ വസ്‌തുക്കള്‍ വരെ നിര്‍മ്മാര്‍ജ്ജനം ചെയ്‌തിരുന്ന തോട്ടികളും കോഴിയേയും ആടിനേയും കൊന്ന്‌ ഇറച്ചി വിറ്റിരുന്ന ഇറച്ചി വെട്ടുകാരും ഉണ്ട്‌്‌. അതു പോലെ ശരീരം വില്‍ക്കുന്നവര്‍ ,ദല്ലാളന്മാര്‍, കള്ളന്മാര്‍ , ചാരായം വാറ്റുകാര്‍ ഇങ്ങനെ നഗരം പുറന്തള്ളിയവരെല്ലാം കോക്കാഞ്ചിറയുടെ ചരിത്രത്തില്‍ സ്ഥാനം നേടി. അങ്ങനെ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ആശ്വാസവും സാന്ത്വനവുമായിത്തീര്‍ന്നു കോക്കാഞ്ചിറ.

സാറാജോസഫിന്റെ കഥകളിലെല്ലാം അവര്‍ പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കുന്ന സ്‌ത്രീത്വത്തിന്റെ പ്രശ്‌നങ്ങളെ അവര്‍ ഈ നോവലിലും സൂചിപ്പിക്കുന്നുണ്ട്‌. ആനി കിടന്നുറങ്ങുമ്പോള്‍ അവളുടെ അമ്മ തുടക്ക്‌ നുള്ളിക്കൊണ്ട്‌ കമ്മീസ്‌ എറക്കിടറീ എന്ന്‌ പറയുന്ന ഒരു സന്ദര്‍ഭമുണ്ട്‌. അപ്പോള്‍ ആനി മനസ്സി ല്‍ പറയുന്നതിങ്ങനെയാണ്‌. ഒരില അനങ്ങിയാല്‍ പെണ്‍കുട്ടികള്‍ അറിയണം. ദേഹത്തു നിന്ന്‌ ഉടുപ്പൊന്ന്‌ ഇറങ്ങിയാല്‍ അറിഞ്ഞ്‌ ശരിയാക്കണം. ഇതെല്ലാം വളരെ വിഷമം പിടിച്ചതാണ്‌. എന്നാല്‍ അമ്മ പറയുന്നത്‌ പെണ്‍കുട്ടികള്‍ ഇങ്ങനെ അന്തം വിട്ടുറങ്ങരുത്‌ എന്നാണ്‌. ഉറക്കത്തില്‍ പോലും ശാരീരികമായും മാനസികമായും സ്വാതന്ത്ര്യമില്ലാതെ ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ അടക്കപ്പെടുന്ന സ്‌ത്രീത്വത്തിന്റെ ഒരു മുഖം. സ്‌ത്രീധനപ്രശ്‌നങ്ങളേയും വിവാഹാനന്തര ജീവിതത്തിലെ സ്‌ത്രീയുടെ പ്രശ്‌നങ്ങളേയും പുറത്തു കൊണ്ടുവരാന്‍ കഥാകൃത്ത്‌ നോവലിന്റെ വിവിധ ഭാഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.

ഒരു സമൂഹത്തിന്റെ ആശ്വാസമായ കോക്കാഞ്ചിറക്ക്‌ വന്ന മാറ്റം മനുഷ്യസമൂഹത്തിന്റെ മാറ്റമാണ്‌. നന്മ നിറഞ്ഞ കോക്കാഞ്ചിറയിലേക്കും നഗരാസൂത്രണത്തിന്റെ കറുത്ത നിഴല്‍ പരന്നപ്പോള്‍ കാക്കാഞ്ചിറ നശിച്ചു. പരസ്‌പരം തുറന്ന വേലിക്കപ്പുറം സൗഹൃദബന്ധം പുലര്‍ത്തിയിരുന്നവര്‍ വന്‍മതിലുകള്‍ പണി ചെയ്‌ത്‌ കുപ്പിച്ചില്ല്‌ തറച്ചു വച്ചു. ഇത്‌ കാണുമ്പോള്‍ ആനിയുടെ കാലില്‍ ഒരു കുപ്പിച്ചില്ല്‌ കയറിയതായി അനുഭവപ്പെട്ടു എന്ന്‌ കഥാകൃത്ത്‌ പറയുന്നു.

ഉള്ളില്‍ നന്മയുള്ള കാക്കാഞ്ചിറയിലെ പതിനാലുപേരടങ്ങുന്ന തെമ്മാടികളുടെ സംഘടനയായിരുന്നു കേഡി. എന്നാല്‍ നഗരാസൂത്രണത്തിന്റെ വരവോടെ അവരേക്കാള്‍ വലിയ തെമ്മാടികള്‍ നാട്‌ ഭരിക്കാനും പിടിച്ചടക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ ആ പാവങ്ങള്‍ക്ക്‌ താനെ പില്‍മാറേണ്ടി വന്നു. അവരുടെ നാശം ആ നാടിന്റെ കൂടി നാശമായിരുന്നു. നഗരത്തിന്റ വേഗതയാര്‍ന്ന നിമിഷങ്ങളില്‍ കാക്കാഞ്ചിറ എന്ന പുണ്യഭൂമിയുടെ അടിവേരുകള്‍ മുറിക്കപ്പെട്ടു, സംസ്‌കാരത്തിലും ഭാഷയിലും വ്യതിയാനങ്ങള്‍ വന്നു. അങ്ങനെ നഗരമാകുന്ന നരകത്തിന്റെ മറ്റൊരു പ്രതീകമായി അത്‌ മാറി.

ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചു. ആനിയുടെ കുച്ചിപ്പാപ്പന്‍ എന്ന കഥാപാത്രം ഈ നോവലിനെ സംബന്ധിച്ചിടത്തോളം കോക്കാഞ്ചിറയുടെ അടിവേരുകളില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികളിലൊന്നാണ്‌. അഥവാ നന്മ നിറഞ്ഞ, വീറും വാശിയുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ വീരം കെട്ടടങ്ങിയ മുഖമാണ്‌. കഴിഞ്ഞുപോയ സുന്ദരവും ത്യാഗപൂര്‍ണവുമായ ഇന്നലെകള്‍ക്ക്‌ ശേഷം വന്ന അദ്ധ്വാനിക്കാത്ത ചര്‍ക്ക നെയ്യാത്ത രാജ്യസ്‌നേഹം പോയിട്ട്‌ പരസ്‌പരസ്‌നേഹം പോലുമില്ലാത്ത ജനതയുമായി പൊരുത്തപ്പെടാനാവാതെ നില്‍ക്കുന്ന ക്ഷയരോഗി. ഒരാദര്‍ശ കഥാപാത്രം അഥവാ ഒരു കാലത്തിന്റെ പ്രതീകമായ കുട്ടിപ്പാപ്പന്റെ മരണത്തോടെ ആ പഴയ കാലം അവസാനിക്കുന്നു. അവിടെ ആനിയുടെ തലമുറ പുതിയ ഒരു കാലം നെയ്‌തെടുക്കുന്നു. കറുത്ത കുഞ്ഞാറം എന്ന കഥാപാത്രവും വളരെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്‌. കറുത്ത കുഞ്ഞാറവും വെളുത്ത കുഞ്ഞാറവും കോക്കാഞ്ചിറയിലെ പലിശക്കാരാണ്‌. വെളുത്ത കുഞ്ഞാറം രൂപം കൊണ്ട്‌ സുന്ദരിയാണ്‌. എന്നാല്‍ അവള്‍ ആളെ പറ്റിച്ച്‌ പലിശ വാങ്ങിക്കുന്നവളാണ്‌. രൂപസൗന്ദര്യം തീരെയില്ലാത്ത കറുത്തകുഞ്ഞാറം നല്ലവളാണ്‌. എന്നാല്‍ ബാഹ്യസൗന്ദര്യത്തില്‍ കണ്ണുമഞ്ഞളിച്ച ജനത പലിശ വാങ്ങിക്കുന്നത്‌ വെളുത്ത കുഞ്ഞാറത്തില്‍ നിന്നാണ്‌. നന്മയെ തിരിച്ചറിയാതെ ബാഹ്യഭംഗി മാത്രമുള്ള തിന്മയുടെ പിറകെ പോവുന്ന ജനതയുടെ ആവിഷ്‌കാരമാണ്‌ ഇവിടെ കാണുന്നത്‌. അതുപോലെ ചില പ്രയോഗങ്ങളെ കുറിച്ചും ശൈലികളെ ക്കുറിച്ചും എടുത്തു പറയേണ്ടതുണ്ട്‌‌. ആനിക്ക്‌ പറയാന്‍ പ്രയാസമുള്ളതും ബുദ്ധിമുട്ടുള്ളതുമായ മലയാള പദങ്ങളെ അവള്‍ ഒരു ടീച്ചറെപ്പോലെ പഠിപ്പിക്കുമായിരുന്നു. അര്‍ത്ഥം തീരെ പിടികിട്ടാതെ വന്നപ്പോള്‍ ഇത്യാദി,അഥുനാ,പൈദാഹം, അംശം എന്നീ നാലു വാക്കുകളെ ക്ലാസില്‍ നിന്നും പുറത്താക്കി അപ്പനേയും അമ്മയേയും വിളിച്ചു കൊണ്ടുവരാന്‍ പറയുന്ന ഒരു സന്ദര്‍ഭമുണ്ട്‌. ഇത്‌ രചയിതാവിനെ സംബന്ധിച്ചിടത്തോളം ബൃഹത്തായ ഒരു ഭാവനയാണ്‌.

ചില പ്രയോഗങ്ങളും രസകരമാണ്‌. "ആനിയുടെ വീടു മുഴുവന്‍ ഒരു പൊളിച്ച വായയായി",
"അരിശം കൊണ്ട്‌ ട്ട പോലെയായി".
ഇത്തരം ശൈലികളും ബൃഹത്തായ ഭാവനകളും സാറാജോസഫിന്‌ തന്റേതായൊരു വഴി തെളിയിക്കുന്നു.

22 comments:

lulu said...
This comment has been removed by the author.
lulu said...

അലാഹയുടെ പെണ്മക്കളെ കാണാന്‍ എനിക്കൊന്ന് കൊക്കാഞിറ വരെയൊന്ന് പോയിവരണം.......എന്ന് ഇത് വായിച്ചപ്പോല്‍ എനിക്ക് തോന്നി.............
..........
.......ലളിതം...തന്നെആശംസകള്‍.......
....................

നസീര്‍ കടിക്കാട്‌ said...

വായനയുടെ ആഘോഷങ്ങള്‍
ഇനിയുമുണ്ടാവട്ടെ.
നല്ല വായന നേരിലേക്കുള്ള
ഏകാന്തസഞ്ചാരങ്ങളാണ്.

ആശംസകള്‍

salil | drishyan said...

നന്ന്.
കുറേ മുന്‍പ് വായിച്ചതാണീ നോവല്‍. മാറ്റാത്തി ഇനിയും വായിച്ചിട്ടില്ല.

കൂടുതല്‍ ആസ്വാദനങ്ങള്‍ ഇനിയും പോരട്ടെ.

സസ്നേഹം
ദൃശ്യന്‍

ഗുപ്തന്‍ said...

നല്ല നിരീക്ഷണങ്ങള്‍. ഇത്രയും ഇടവേളയില്ലാതെ എഴുതാന്‍ ശ്രമിക്കൂ. പഠനമാണ് പ്രധാനമെന്നറിയാം. എങ്കിലും :)

Visala Manaskan said...

എനിക്കും ഭയങ്കരമായിട്ടിഷ്ടായ ഒരു നോവാലാണിത്.

ആനിയുടെ അമ്മാമ്മ പറയണ ഓരോ ഡയലോഗിലും ഞാനെന്റെ അമ്മേനെ ഒര്‍ത്തിരുന്നു. സെയിം സെയിം സ്ലാങ്ങായിരുന്നു. ആ ‘മതീരി ക്ടാവേ..’ യില്‍ തന്നെ ഞാന്‍ ഫ്ലാറ്റായി.

ബ്ലൊഗില്‍ എഴുതുമ്പോള്‍ വാലും തലയും അധികം ദൂരം പാടില്ല എന്നൊരു നിര്‍ബന്ധമുള്ളതുകൊണ്ട്, പലപ്പോഴും എഴുതുന്ന ആ ഒരു സുഖത്തിന് കുറെയധികം എഴുതുകയും പിന്നീട് മാറ്റിക്കളയാറുമുണ്ട്.

ഈ നോവല്‍ വായിച്ചപ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ ഫ്രീയായി ഇഷ്ടമ്പോലെ സമയമുള്ള ഒരു കാലത്ത്, നല്ല പരിചയമുള്ള, കഥയുള്ള ഒരാളെപ്പറ്റി, ലാവിഷായി എനിക്കും ഒരു നോവല്‍ എഴുതണം എന്നൊരൊ മോഹം പോലും തോന്നിപ്പോയി. ഒരു പത്തിരുപത് കൊല്ലമൊക്കെ കഴിഞ്ഞ്!! :)

പോസ്റ്റ്, നന്നായി എഴുതിട്ടുണ്ട് ട്ടാ. നല്ല നിരീക്ഷണങ്ങള്‍.

Jayasree Lakshmy Kumar said...

അലാഹയുടെ പെമക്കള്‍ വായിച്ചിട്ടില്ല. പക്ഷെ പന്ത്രണ്ടാം ക്ലാസ്സുകാരി ഹരിതക്കുട്ടിയുടെ കൊച്ചു കൈകളിലൂടെ വന്ന അടക്കമുള്ള ഈ പുസ്തക നിരൂപണം വായിച്ചപ്പൊ എനിക്കും തോന്നി അലാഹയുടെ പെണ്മക്കള്‍ വായിക്കണമെന്ന്. പ്രവാസത്തിലെ നഷ്ടങ്ങള്‍. പക്ഷെ ശ്രമിക്കുന്നുണ്ട് വായിക്കാന്‍

siva // ശിവ said...

നല്ല വിവരണം....

ഉപാസന || Upasana said...

ദേശത്തെ അടയാളപ്പെടുത്തുന്ന നോവലുകളിലെ ഒരു മാസ്റ്റര്‍ പീസ് ആണ് ആലാഹയുടെ പെണ്മക്കള്‍..

നല്ല നിരീക്ഷണങ്ങള്‍ ട്ടോ
:-)
ഉപാസന

Unknown said...

അല്ലാഹയുടെ പെണ്മ്മക്കള്‍ ഞാന്‍ വായിച്ചിട്ടില്ല
ഇനി തീര്‍ച്ചയായും വായിക്കും.ഒരു പന്ത്രണ്ടാ ക്ലാസുക്കാരിയുടെ നിരുപണത്തിനു ആ നോവലിലേക്ക് മന്‍സിനെ പറിച്ചു നടാനുള്ള പ്രചോദനം ഹാവു സന്തോഷായി

Siji vyloppilly said...

ഹരിതക്കുട്ടി..നമ്മടെ ഗുപ്തന്‍ ചേട്ടന്റെ ബ്ലോഗില്‍ 'നല്ല കഥകളുടെ 'ലിസ്റ്റില്‍ മോളുടെ കഥകിടക്കണതുകണ്ട്‌ ആരപ്പ 'ലളിതം' എന്നു വെച്ചുകൊണ്ടാണ്‌ ഇങ്ങോട്ട്‌ വെച്ചടിച്ചത്‌. എല്ലാം വായിച്ചു. മോളൂടെ പ്രായത്തിനനുസരിച്ച്‌ നല്ല നിലവാരം പുലര്‍ത്തുന്നു പല രചനകളും.ഈ അമ്മായി (അമ്മൂമ എന്നും വിളിക്കാം) കുറച്ചുകാലായി കഥയെഴുത്തു തുടങ്ങിയിട്ട്‌ ,പക്ഷെ മോളുടെ അക്ഷരത്തെറ്റില്ലാത്ത ടെപ്പിങ്ങും രചനരീതിയും ഒക്കെ കണ്ടിട്ട്‌ അടക്കയും വെറ്റിലയും വെച്ച്‌ എന്നെ ശിഷ്യയായി സ്വീകരിക്കേണമേ എന്നു പറയാന്‍ തോന്നുണു.
എല്ലാ ഭാവുകങ്ങളും.. പുതിയത്‌ വരുന്നോന്ന് ഇടക്ക്‌ വന്ന് നോക്കുണുണ്ട്‌. :)

ജ്യോനവന്‍ said...

ഗുപ്തന്റെ അക്ഷരത്തെറ്റു വായിച്ചു വന്നതാണ്.
തിരക്കഥയില്‍.............നീര്‍മാതളത്തില്‍.
പിന്നെയിവിടെ ആത്മാവിഷ്‌കാരം ഓര്‍മ്മവന്ന വഴിതൊട്ട് ഞെട്ടിച്ചുകളഞ്ഞു.
ആശംസകള്‍.

കണ്ണൂസ്‌ said...

ഹരിത ആദ്യം എഴുതിയത് ഞാന്‍ വായിച്ചിരുന്നു. പി.പി.രാമചന്ദ്രന്‍ മാഷുടെ മോളാണെന്ന് എവിടെയോ കണ്ട ഓര്‍മ്മയുമുണ്ട്.

എന്തായാലും ഗുപ്തന്റെ പോസ്റ്റ് കാരണം , കാണാതെ കിടന്ന കുറെ കഥകളും ആലാഹയുടെ ആസ്വാദനവും വായിച്ചു.

സമയം കിട്ടുമ്പോള്‍ കൂടുതല്‍ എഴുതൂ.

നിലാവര്‍ നിസ said...

അപര്‍ണാ, നന്നായിട്ടുണ്ട്.. വായനയ്ക്ക്, കാഴ്ചകള്‍ക്ക് ഇനിയും മൂര്‍ച്ച കൂടട്ടേ..

ഭൂമിപുത്രി said...

ഹരിതയിലേയ്ക്കെത്തിച്ച ഗുപ്തനു നന്ദി!
നെറ്റില്‍ ഞങ്ങള്‍കുറെപേറ്
കവിതവായനയും ചൊല്ലലുമായി കൂട്ടം കൂടുന്ന ‘ഹരിതക’ത്തിന്റെ ഇളംനാമ്പാണിവിടെ ചിരിച്ചുതലയാട്ടിനില്‍കുന്നതല്ലേ?
അതറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷം.
പുസ്തകവായനയുടെ
തുടക്കവും ഒടുക്കവും ‘ഹാരീപോട്ടറ്’മാത്രമാണെന്ന കരുതുന്ന ഭൂരിപക്ഷം മലയാളിക്കുട്ടികള്‍ക്കിടയില്‍ നിന്നു വരുന്ന ഈ വായന എന്തൊരു
കുളിറ്മ്മയാണ്‍ തരുന്നതെന്നോ.

(വരികളില്‍ തെളിയുന്ന പ്രായത്തിന്റെ നിഷക്കളങ്കത,
അഛന്‍ ഇവിടെ ഇടപെട്ടിട്ടില്ല എന്നും ഉറപ്പാക്കുന്നുണ്ട്.:))

തൃശൂറ്പട്ടണത്തില്‍നിന്നല്ല്പം മാറിയുള്ള ‘കുര്യച്ചിറ’യുടെയും
ചുറ്റുപാടുകളുടെയും ചരിത്രം
‘ആലാഹ..’യില്‍ ഏറെക്കുറെ
അതേപോലെയുണ്ടെന്നു അവിടുത്തുകാറ്പറഞ്ഞു കേട്ടിട്ടുണ്ട്.
ഇനിയും ഇതുപോലെയുള്ള് എഴുത്തുകള്‍ക്കായി കാത്തിരിയ്ക്കും കേട്ടൊ മോളെ.

വെള്ളെഴുത്ത് said...

മനസ്സില്‍ തട്ടിയാണ് എഴുതുന്നതെങ്കില്‍ അതിന്റെ നൈര്‍മ്മല്യവും ഒഴുക്കും എഴുത്തിലുണ്ടാവുമല്ലോ. നോവലുവായിക്കുന്നതുപോലെ തന്നെ രസകരമായി വായിക്കാന്‍ കഴിയുന്നതായിരുന്നു അതിന്റെ ആസ്വാദനവും. :)
ഇനി
ഇത്യാദി,അഥുനാ,(അധുനാ) പൈദാഹം, അംശം എന്നീ നാലു വാക്കുകളെ ക്ലാസില്‍ നിന്നും പുറത്താക്കി അപ്പനേയും അമ്മയേയും വിളിച്ചു കൊണ്ടുവരാന്‍ പറയുന്ന ഒരു സന്ദര്‍ഭമുണ്ട്‌. ഇത്‌ രചയിതാവിനെ സംബന്ധിച്ചിടത്തോളം ബൃഹത്തായ ഒരു ഭാവനയാണ്‌.
-ഈ അവസാന വാക്യത്തിലൂടെ എന്താണുദ്ദേശിച്ചതെന്നു പറഞ്ഞു തരാമോ? ഇതു രചയിതാവിനാണോ വലിയ ഭാവനയായി തോന്നുന്നത് അതോ വായിക്കുന്ന ആളിനോ?
‘ബൃഹത്തായ’ എന്ന പദം ശ്രദ്ധിച്ചോ ? ആനി പുറത്താക്കിയ നാലുപദങ്ങളും സംസ്കൃതമാണ്. അതിന്റെ രസനീയത കണ്ടു പിടിക്കാന്‍ പറ്റിയ ഒരു മനസ്സിന് എന്തുകൊണ്ട് ‘ഈ ബൃഹദാകാരത്തെ’ പുറത്താക്കണമെന്നു തോന്നിയില്ല..? ‘ഔചിത്യം‘ ഒരു പഠനപ്രവര്‍ത്തനമായി പരിചയപ്പെട്ടിട്ടില്ലേ, ഇക്കാര്യം അതുമായി വച്ച് ഒന്നു തട്ടിച്ചു നോക്കാമോ? മറ്റൊന്നു കൂടി പറയട്ടേ, സ്വന്തമായ വഴി (തന്റേതായ വഴി) എന്നൊക്കെയുള്ളത് ആളുകള്‍ വെറുതേ പറഞ്ഞു പറഞ്ഞു പഴകിയ വാക്യമാണ്. അതിനു പകരം ഈ നല്ല ലേഖനം അവസാനിപ്പിക്കാന്‍ മറ്റൊരു വാക്യം വയ്ക്കാന്‍ ശ്രമിച്ചുകൂടേ..
നല്ല ലേഖനമായതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത്, ചെറിയ തിരുത്തലുകള്‍.. ഇനിയും ധാരാളം എഴുതണം.

anushka said...

thank you for this post..i started reading this book after seeing your post..

t.k. formerly known as thomman said...

ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് “ആലാഹയുടെ പെണ്‍‌മക്കള്‍”. അത്തരം ഒരു original work‍ മലയാളത്തില്‍ അപൂര്‍വ്വമെന്നു പറയാം.

സജീവ് കടവനാട് said...

നല്ല ശ്രമം. തുടരൂ...

anushka said...

i liked your post very much.so i linked to your blog from my blog..

ജിപ്സന്‍ ജേക്കബ് said...

എല്ലാം വായിച്ചു.കഥകളില്‍ പകലുറക്കമാണ് എനിക്കിഷ്ടപ്പെട്ടത്. നീര്‍മാതളത്തിന് ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങള്‍ പോലെ ഒരു എക്സ്പ്രഷനിസ്റ്റ് സ്വഭാവമുണ്ട്.അതുകൊണ്ട് ലേശം വിരസമാകുന്നു.ഒളിച്ചുകളി സിനിമാരൂപത്തില്‍ ഞാന്‍ കണ്ടു.ബ്ലോഗിലെ തിരക്കഥയില്‍നിന്നല്‍പ്പം വ്യത്യാസമുണ്ടെങ്കിലും രസമുണ്ട്. പക്ഷെ അവസാന സീന്‍ മാറ്റുമ്പോള്‍ കുട്ടികളുടെ സിനിമയല്ലാതായിത്തീരുന്നു.

മുസാഫിര്‍ said...

ഈ കോക്കഞ്ചിറ ഇപ്പോഴത്തെ കുരിയച്ചിറയാണെന്നു ഡാലി പണ്ടു സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കുന്നു.ഫ്ലാറ്റ് സമുച്ചയങ്ങളും സൂപ്പര്‍മാര്‍ക്കറ്റും മറ്റുമുള്ള കുരിയച്ചിറയില്‍ ചെന്നാല്‍ കോക്കാഞ്ചിറയുടെ ആ പഴയ ഗന്ധം കിട്ടാന്‍ ബുദ്ധിമുട്ടാണ്.ഹരിതയുടെ എഴുത്ത് നന്നായിരിക്കുന്നു.ആനിയെക്കുറിച്ചു കുറച്ച് കൂടി എഴുതാമായിരുന്നു എന്നു തോന്നി.