Saturday, December 30, 2006

പകലുറക്കം

(ചെറുകഥ)

കാലുകള്‍ പിണച്ചുവച്ച്‌ തലയെ കൈകള്‍കൊണ്ടു പൊതിഞ്ഞ്‌ കട്ടിലില്‍ വിലങ്ങനെ കിടന്നു. ഉച്ചയുടെ നിശ്ശബ്ദത. കണ്‍പോളകളില്‍ ഉറക്കംവന്നു തട്ടുന്നു. വല്ലപ്പോഴും പോകുന്ന സൈക്കിളിന്റേയോ സ്കൂട്ടറിന്റേയോ ശബ്ദം. അല്ലെങ്കില്‍ കൂര്‍ക്കംവലിയുടെ. പക്ഷെ, ഇവയൊന്നും ഉച്ചയുടെ നിശ്ശബ്ദതയെ തകര്‍ക്കുന്നതായി തോന്നിയില്ല. പകരം നനവുള്ള ഒരു ബാല്യകാലസ്മരണ ആ ഉച്ചയില്‍നിന്ന്‌ പതുക്കെ കിളിര്‍ത്തുവന്നു.

പകലുറക്കം ഇല്ലാത്ത കുട്ടി. ഉച്ചയൂണിന്റെ തിടുക്കത്തിനുശേഷം ശാന്തമാകുന്ന തറവാട്ടില്‍ താന്‍മാത്രം ഉണര്‍ന്നിരിക്കും. അമ്മയുടെ നനഞ്ഞ സാരിക്കടുത്ത്‌ വെറുതേ കിടക്കുമെങ്കിലും ഉറക്കം വരില്ല. ഏകദേശം അമ്മയുംകൂടി ഉറങ്ങി എന്നാകുമ്പോള്‍ മെല്ലെ എണീക്കും. തോട്ടത്തിലൊക്കെ ചുറ്റിനടക്കും. ഒറ്റയ്ക്ക്‌ എന്തെങ്കിലും പറയും. ആരോടെന്നില്ല. മാവിനോടു പറയും. പാമ്പിന്‍കാവിലെ വിളക്കിനോടു പറയും. തടിച്ച മാവിന്റെ തടിയില്‍ പറ്റിച്ചേര്‍ന്ന കാക്കപ്പൊന്നിനോടു പറയും. അവള്‍ക്കതെല്ലാം കൂട്ടുകാരായിരുന്നു. തന്റെ പ്രായമുള്ള കുട്ടികള്‍.

തോട്ടത്തില്‍ ചുറ്റിയടി വെറുതെയല്ല. മുത്തച്ഛനോ മുത്തശ്ശിയോ ബാക്കിവന്നു കളഞ്ഞ ഗുളികത്തോടുകളും 'ഓയിമെന്റ്‌'ട്യൂബുകളും ശേഖരിക്കും. (തൊടരുത്‌, എടുക്കരുത്‌ എന്ന അമ്മയുടെ വിലക്ക്‌ ഓര്‍മ്മ വരാഞ്ഞിട്ടല്ല.) 'ഓയിമെന്റ്‌'ട്യൂബിന്റെ ചെറിയ ദ്വാരത്തില്‍നിന്ന്‌ ഞാഞ്ഞൂലുപോലെ പുറത്തുചാടുന്ന 'ഓയിമെന്റ്‌' നോക്കിനില്‍ക്കും.ചുറ്റിയടി നിര്‍ത്തി വീണ്ടുംവന്ന്‌ അമ്മയുടെ പാതി നനഞ്ഞ സാരിയില്‍ മുഖംപൂഴ്ത്തി കിടക്കും. പക്ഷെ ഉറക്കം വരില്ല.

അപ്പോള്‍ ചെറിയ ഒരു വിശപ്പ്‌ തോന്നും. ശബ്ദമുണ്ടാക്കാതെ എണീറ്റ്‌ അടുക്കളയില്‍ പോകും. പാല്‍പ്പൊടി ടിന്‍ നോക്കും. കാണില്ല. ഒരുപാട്‌ അരിച്ചുപെറുക്കിയാലും കിട്ടില്ല. ഒടുവില്‍ പതഞ്ഞുപൊന്തിയ ഉമിനീരിനെ ഉറക്കിയിട്ട്‌ അല്‍പ്പം വെള്ളം കുടിച്ചു പോകും. വീണ്ടും അമ്മയുടെ സാരിയില്‍ അഭയംതേടും. അമ്മയുടെ സാരിയിലെ ആ നനവ്‌ പതിയെ മുഖത്തേക്കും ദേഹത്തേക്കും പരക്കും. അപ്പോഴൊരു സുഖം കിട്ടും. അമ്മയെ മുറുകെ പിടിച്ചുകിടക്കും. പക്ഷെ ഉറങ്ങില്ല.

ഇന്ന്‌ ആ നനവു കിട്ടുന്നില്ലെങ്കിലും ഉറക്കം വരുന്നു. നനുത്ത കാറ്റില്‍ ഉലയുന്ന വാഴയുടെ ഇലയുടെ ശബ്ദം കേള്‍ക്കാഞ്ഞിട്ടല്ല. മാവിന്‍മുകളില്‍നിന്നും ഞെട്ടറ്റുവീഴുന്ന മാമ്പഴം എടുക്കാന്‍ തോന്നാഞ്ഞിട്ടല്ല. ഓയിമെന്റ്‌ ട്യൂബില്‍നിന്നും പുറത്തുചാടുന്ന ഞാഞ്ഞൂലുകളുടെ കൗതുകം ഇല്ലാഞ്ഞിട്ടല്ല.

എന്തോ ഉറക്കം വരുന്നു......

12 comments:

കണ്ണൂരാന്‍ - KANNURAN said...

പകലുറക്കം നന്നായി..അഭിനന്ദനങ്ങള്‍...

റീനി said...

നന്നായിരിക്കുന്നു ഹരിതേ. വായിച്ചുകഴിഞ്ഞപ്പോള്‍ അമ്മയുടെ സാരിയുടെ നനവ്‌ എന്റെ മുഖത്തും അനുഭവപ്പെടുന്നു. ഹരിതക്ക്‌ റീനിച്ചേച്ചിയുടെ പുതുവത്സരാശംസകള്‍!

Haree said...

ആഹ,
ആളു കൊള്ളാമല്ലോ! എനിക്കിതാണു കേട്ടോ ആദ്യത്തെ തിരക്കഥയേക്കാള്‍ ഇഷ്ടപ്പെട്ടത്. എനിക്കു വിഷ്വലൈസ് ചെയ്യുവാന്‍ ഇത് വളരെയെളുപ്പമായിരുന്നു... പക്ഷെ ഒരു ചെറിയ പ്രശ്നമുള്ളത് ആദ്യ പാരഗ്രാഫില്‍ ഉറങ്ങുന്ന സീനില്‍ ഞാന്‍ കണ്ടത് ഒരു പയ്യനെയായിരുന്നു... :) രണ്ടാമത്തെ പാരഗ്രാഫിന്റെയൊടുവിലല്ലേ അതാണല്ല പെണ്ണാണ് എന്നു മനസിലാവുന്നുള്ളൂ... പിന്നെ ഞാന്‍ റിവൈന്‍ഡടിച്ച് ഒരു പെണ്‍കുട്ടിയുറങ്ങുന്നതാക്കി മാറ്റി വിഷ്വലൈസ് ചെയ്തു... :)
ആദ്യത്തേതിനൊപ്പം നില്‍ക്കുന്ന രണ്ടാമത്തെ രചന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച അടുത്ത രചന, ഇതൊന്നും എളുപ്പത്തില്‍ സാധിക്കില്ല... ഹരിതക്കുട്ടിക്ക് അഭിനന്ദനങ്ങള്‍...
(പിന്നെ തിരക്കഥ എഴുത്തു നിര്‍ത്തരുതേ... തുടരണം...)
--
വേണ്ടാത്ത സംശയങ്ങള്‍: ഹരിതയൊറ്റയ്ക്കാണോ ഈ ബ്ലോഗ് കൈകാര്യം ചെയ്യുന്നത്, അതോ അച്ഛന്റെ സഹായമുണ്ടോ? ചുമ്മാ, അറിയുവാനൊരു കൌതുകം, അതുകൊണ്ടു ചോദിച്ചതാണേ...
--

കുറുമാന്‍ said...

ഹരിതേ വളരെ നന്നായിരിക്കുന്നു ഈ ചെറുകഥ. ഹരിതക്കും , വീട്ടിലെ മറ്റെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു

ദേവന്‍ said...

ഹരിതക്ക്‌ നന്നായി എഴുത്തുമലയാളം വഴങ്ങുന്നുണ്ട്‌, ഹരിതയുടെ പ്രായത്തില്‍ ഇതുപോലെ എഴുതാനെനിക്ക്‌ പ്രാപ്തിയുണ്ടായിരുന്നില്ല. ഇനിയും തെളിഞ്ഞ്‌ കൂടുതല്‍ പ്രഭ പരത്തട്ടെ ഈ എഴുത്ത്‌.

നാളെ നമ്മുടെ ഭാഷ മരിക്കാതിരിക്കാന്‍ അതു സംസാരിക്കുന്നവരുണ്ടായാല്‍ പോരാ, എഴുതുന്നവരുണ്ടായാലും പോരാ, സ്വന്തം എഴുത്തുകൊണ്ടാഭാഷ വായിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ വേണം, ആ ഭാഷയില്‍ ചിന്തിപ്പിക്കുന്നവര്‍ വേണം. അതിനൊക്കെ പോന്ന ഒരാളായി വളരുക.

അറിവായി, ആയുധമായി, ആഭരണമായി, ആത്മവിശ്വാസദായിനിയായി അക്ഷരമെന്നും ഹരിതക്കൊപ്പമുണ്ടാവട്ടെ.

അലിഫ് /alif said...

ഹരിതകുട്ടീ,
പകലുറക്കം ഇല്ലാത്ത ആ കുട്ടി ഞാന്‍ തന്നയാണ്.
കഴിഞ്ഞ പോസ്റ്റിലെ തിരക്കഥ പോല തന്നെ ഹൃദ്യം.
പുതിയവര്‍ഷത്തില്‍ ഹരിതയ്ക്കിനിയും ഒരുപാടെഴുതാനുണ്ടാവട്ടെ, ആശംസകള്‍

Abdu said...
This comment has been removed by a blog administrator.
Abdu said...

ഹരിതേ,

ന‌നവുകള്‍ നഷ്ടപ്പെടുകതന്നെയാണ്, എല്ലാ പ്രേരണകളുമുണ്ടായിട്ടും നഷ്ടമായ ഒരു നനവിന്റെ ഊര്‍ജ്ജം ശൂന്യമായിത്തന്നെ നില്‍ക്കുന്നു.

ഒരു സിനിമ കാണുന്ന പോലെ കാണാനാവുന്നുണ്ട് ഈ കഥയിലെ ഓരോ രംഗങ്ങളും.

അഭിനന്ദങ്ങള്‍,

ഒരുപാട് വായിക്കുകയും ഒരുപാട് എഴുതുകയും ചെയ്യുക.ദേവേട്ടന്‍ പറഞ്ഞ പോലെ വായിക്കുന്നവനെ അതിന് വീണ്ടും പ്രേരിപ്പിക്കുന്ന എഴുത്തിന്റെ പേനയാവുക.

ചിദംബരി said...

ഈ കഥ നന്നയി മൊളേ.എഴുത്തിനൊപ്പം ധാരാളം വായിക്കുകയും വേണം.മലയാള സാഹിത്യം മാത്രമല്ല.ആംഗലഭാഷ വഴങ്ങുമെങ്കില്‍ അങ്ങനെ.അല്ലെങ്കില്‍ മലയാള പരിഭാഷകള്‍.

പുതിയ പൊസ്റ്റ് കണ്ടു.അതിലെ നായിക കമലാ സുരയ്യ ആണോ?ആണെങ്കില്‍ അത് ഗുരുനിന്ദയാണ്.മലയാളത്തിലെ എക്കലത്തെയും മികച്ച ഒരുപാട് കഥകള്‍ എഴുതിയ കഥകാരിയാണവര്‍ എന്ന് മറക്കരുത്.

lulu said...

'ഓയിമെന്റ്‌'ട്യൂബിന്റെ ചെറിയ ദ്വാരത്തില്‍നിന്ന്‌ ഞാഞ്ഞൂലുപോലെ പുറത്തുചാടുന്ന 'ഓയിമെന്റ്‌' നോക്കിനില്‍ക്കും

Jayasree Lakshmy Kumar said...

ഉച്ചച്ചൂടിലുള്ള ചുറ്റിയടിയിലും തിരികെ വരുമ്പോള്‍ കാത്തിരിക്കുന്ന നനഞ്ഞ സാരിയുടെ അഭയം. അതു നഷ്ടപ്പെടുമ്പോള്‍ വീണ്ടും ചുറ്റിയടിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തണിപ്പിക്കാനുള്ള ആ സാരിത്തുമ്പിന്റെ അഭാവം. അതുണര്‍ത്തുന്ന അനാധത്വം
നന്നായി എഴുതിയിരിക്കുന്നു ഹരിതകുട്ടി
ഞാന്‍ ഹരിതക്കുട്ടിയുടെ ആരാധികയായീട്ടോ

ഹരിത് said...

കൊള്ളാം. നന്നായി വരട്ടെ. ആശംസകള്‍.