Monday, April 16, 2007

നീര്‍മാതളം (ചെറുകഥ)

ഞാനീ കഥയെഴുതുമ്പോള്‍ എന്നെ ഒരടിയന്തരപ്രശ്നം അലട്ടുന്നുണ്ട്. എന്റെ കഥയില്‍ ഞാന്‍ ചേര്‍ക്കാനുദ്ദേശിക്കാത്ത ഒരു കഥാപാത്രം - ഒരു സ്ത്രീകഥാപാത്രം - ഇടയ്ക്കിടയ്ക്ക് കഥയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു. ഞാനവളെ എന്റെ ഇടംകൈയുകൊണ്ട് വരിഞ്ഞുപിടിച്ച് വലംകൈകൊണ്ടാണ് കഥയെഴുതുന്നത്. എങ്ങനെയായാലും കഥ പറഞ്ഞല്ലേ ഒക്കൂ.

നളിനി എന്നു പേരായ ഒരെഴുത്തുകാരിയാണ് എന്റെ കഥാനായിക. നൂറുകണക്കിന് കഥകളും കവിതകളും എഴുതി ധാരാളം പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ വലിയ എഴുത്തുകാരിയാണവര്‍. അവരുടെ ജീവിതത്തെക്കുറിച്ചും അവരുടെ അയല്‍ക്കാരെക്കുറിച്ചും സ്വന്തം അനുഭവങ്ങളെക്കുറിച്ചും അവരെഴുതി. ....

"ഹൊ" എന്റെ ഇടംകൈ തള്ളിമാറ്റിക്കൊണ്ട് ആ കഥാപാത്രം പുറത്തുവന്നിരിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ ക്ഷമിക്കുമല്ലോ.

കഥാപാത്രം:‍ അവരെഴുതിയത് അവരെക്കുറിച്ചു മാത്രമല്ല. സമൂഹത്തെക്കുറിച്ചാണ്. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചതിനെ അവരുടേതുമാത്രം എന്നാക്കി ചുരുക്കരുത്.
ഞാന്‍ ‍: നിന്റെ അഭിപ്രായം എനിക്കാവശ്യമില്ല. എന്റെ കഥക്കളത്തില്‍നിന്ന് പുറത്തുപോകൂ.
കഥാപാത്രം: ഞാന്‍ വലിഞ്ഞുകയറിവന്നതല്ല. നിങ്ങളെഴുതുന്നത് എന്നെക്കുറിച്ചല്ലേ?
ഞാന്‍: എന്താ, നിന്റെ പേര് നളിനിയെന്നാണോ?
കഥാപാത്രം: അല്ല
ഞാന്‍: പിന്നെ?
കഥാപാത്രം: പേരെന്റേതല്ല.. പക്ഷേ...

പ്രിയപ്പെട്ട വായനക്കാരാ, ഖേദമുണ്ട്. ഞാന്‍ എന്റെ അഴുകിയ തൂവാല അവളുടെ വായില്‍ കുത്തിത്തിരുകിയിരിക്കയാണ്. അല്പനേരം ശാന്തത പ്രതീക്ഷിക്കാം.

നളിനി കൂടെക്കൂടെ പ്രശസ്തയായിവന്നു. അവള്‍ അത്ര സുന്ദരിയൊന്നുമല്ലായിരുന്നു. എന്നാല്‍ കുപ്പിവളകള്‍ അവരുടെ ജീവനായിരുന്നു. ഉദിച്ചുപൊങ്ങുന്ന സൂര്യവര്‍ണ്ണശോഭ നിറഞ്ഞ പൊട്ട് അവരുടെ പ്രാണനായിരുന്നു. രാത്രിയുടെ കനത്ത ഇരുട്ടിലും മിന്നിത്തിളങ്ങുന്നതായിരുന്നു അവരുടെ പ്രിയപ്പെട്ട മൂക്കുത്തി. അവര്‍ അവരെക്കുറിച്ചുമാത്രം എഴുതിയതിനാല്‍ അവരുടെ കഥാപാത്രങ്ങളെല്ലാം പൊട്ടുതൊട്ട്, മൂക്കുത്തിയിട്ട്, വളയിട്ട് കിലുങ്ങിക്കുലുങ്ങി തെറിച്ചുനടക്കുന്നവരായി. 'ഫെമിനിസ്റ്റ്' എന്നും 'പെണ്ണെഴുത്ത്' എന്നും വിളിച്ച നാക്കുകൊണ്ട് നാട്ടുകാരും അവാര്‍ഡ് വിതരണക്കാരും അവളെ തെറിവിളിച്ചു. "പെണ്ണ് കിലുങ്ങേണ്ടവളാണു പോലും!"

വായനക്കാരാ.... അവളെന്റെ തൂവാല തുപ്പിക്കളഞ്ഞിരിക്കുന്നു. രക്ഷയില്ല.

കഥാപാത്രം: അവള്‍ ഫെമിനിസ്റ്റാണ്. അവരെഴുതിയത് യഥാര്‍ത്ഥ സ്ത്രീത്വത്തെക്കുറിച്ചല്ലേ?
ഞാന്‍: ഇതു വലിയ ശല്യമായല്ലോ.
കഥാപാത്രം: പെണ്ണ് പെണ്ണായിത്തന്നെ ജീവിക്കണം. വളയിടാതെ, പൊട്ടുതൊടാതെ, കിലുങ്ങാതെ... മുടിവെട്ടിയും വാച്ചുകെട്ടിയും ഷര്‍ട്ടുധരിച്ചും ആണായിത്തീരുകയല്ല വേണ്ടത്.
ഞാന്‍: പൊന്നിന്‍കുടത്തിനെന്തിനാ പൊട്ട്?
കഥാപാത്രം: സ്ത്രീ ഒരു പൊന്നിന്‍കുടമല്ല.
ഞാന്‍: പിന്നെ?
കഥാപാത്രം: ഞാന്‍ പറയാം. ഞാന്‍ നിങ്ങളുടെ നായികയാവട്ടെ? എന്റെ പേരു മാറ്റൂ. ഞാന്‍ നളിനിയല്ല.
ഞാന്‍: ഓക്കെ. നീ ഈ ജ്യൂസ് കുടിച്ചു ചൂടു മാറ്റൂ. ശേഷം പറയാം.

സമാധാനം. ഉറക്കഗുളികയുടെ ക്ഷീണത്തില്‍ അവളുറങ്ങിയിരിക്കുന്നു. വായനക്കാരാ, തടസ്സങ്ങള്‍ സൃഷ്ടിച്ചതില്‍ ഖേദമുണ്ട്.

നളിനിക്ക് അവഗണനകളെ തടുക്കാനായില്ല. അവള്‍ സഹികെട്ടു. നളിനിക്ക് ഭ്രാന്തായി. അവള്‍ അശ്ലീലങ്ങളെഴുതിക്കൂട്ടി. ധാരാളം തെറിക്കത്തുകള്‍ സമ്പാദിച്ചു. അതവള്‍ക്കൊരു ഹരമായി. ഹിന്ദുവായി. മുസ്ലീമായി. കൃസ്ത്യാനിയായി. വീണ്ടും ഹിന്ദുവായി. അവള്‍ മതമെടുത്ത് അമ്മാനമാടി. ജീവിതം ഒരു ഫുട്ബോളാക്കി തട്ടിക്കളിച്ചു.
പിന്നെ... പിന്നെ...

പ്രിയപ്പെട്ട വായനക്കാരാ, ഞാന്‍ ഖേദിക്കുന്നു. ഇപ്പോഴുള്ള പ്രശ്നം കഥാപാത്രത്തിന്റേതല്ല. നളിനിക്ക് പിന്നെ എന്തു സംഭവിച്ചു എന്നെനിയ്ക്കു മനസ്സിലാവുന്നില്ല. കഥാപാത്രം ഉറക്കത്തിലാണ്. അവള്‍ക്കു ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞെന്നു വരും. അവള്‍ ഉണരുന്നതുവരെ കാക്കാം.
....................................

ഞാന്‍: നീ ഉണര്‍ന്നോ?
കഥാപാത്രം: ഉം.
ഞാന്‍: അയാം സോറി. നിനക്കു പറയാനുള്ളത് എനിയ്ക്കു കേള്‍ക്കണം.
കഥാപാത്രം: നിങ്ങളെന്റെ കഥയെ ചീത്തയാക്കി. ഇനി ഞാനെന്തു പറയും?
ഞാന്‍: എന്റെ കഥ പൂര്‍ണ്ണമാവുന്നില്ല. നിന്നെ ഞാന്‍ കഥയിലെ കഥാപാത്രമാക്കാം. എന്റെ കഥയൊന്നു പൂര്‍ണ്ണമാക്കിത്തരൂ.
കഥാപാത്രം: ശരി. ഞാന്‍ പറയാം. എഴുതിക്കോളൂ. അവളിപ്പോള്‍ എന്റെ അവസ്ഥയിലാണ്. ഒരു കഥയിലും കയറിക്കൂടാനാവാതെ. ഉറക്കഗുളിക തിന്നേണ്ടിവന്നും അഴുകിയ തൂവാല തിന്നും ഇടംകൈകൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ടും കഥയെഴുതാനാവാതെ... കഥയില്‍ കയറാനാവാതെ... കിലുങ്ങാതെ.... തെറിക്കാതെ... മൂകയായിക്കൊണ്ട്...
ഞാന്‍: നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നിന്നെ ഞാന്‍ കഥയിലെടുക്കാം. നിനക്ക് എന്തു റോള്‍ വേണം?
കഥാപാത്രം: ഞാനൊരു പൂവാകാം. നിങ്ങളുടെ കഥാനായിക ഏറെ ഇഷ്ടപ്പെട്ടിരുന്ന, അവരുടെ ജീവനായ ഒരു പൂവ്.