Thursday, December 28, 2006

ഒളിച്ചുകളി

തിരക്കഥ /ഹരിത.ആര്‍
(2006 ഡിസംബര്‍ ലക്കം യുറീക്കയില്‍ പ്രസിദ്ധീകരിച്ചത്)

സീന്‍ ഒന്ന്‌

പകല്‍. വീട്ടു മുറ്റം.അമ്മു ഒരു പുല്ലിനടിയില്‍ ഒളിച്ചിരിക്കയാണ്‌.കാല്‍മുട്ടുകള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ തല കാല്‍മുട്ടിലൂന്നി കുനിഞ്ഞിരിക്കുകയാണ്‌.ഇടക്ക്‌ തലപൊന്തിച്ച്‌ നോക്കുന്നുണ്ട്‌.ഒന്ന്‌..രണ്ട്‌..മൂന്ന്‌...എന്നിങ്ങനെ ഒരാണ്‍കുട്ടിയുടെ ശബ്ദം പതിഞ്ഞസ്വരത്തില്‍ കേള്‍ക്കാം.എണ്ണുന്നയാളെ കാണു്നില്ല.

സീന്‍ രണ്ട്‌

പകല്‍. വീട്ടു മുറ്റം.ചുവരില്‍ മുഖമമര്‍ത്തി കൈകള്‍ കൊണ്ട്‌ പൊത്തി ഉണ്ണി എണ്ണുകയാണ്‌. ഉണ്ണി"ആറ്‌...ഏഴ്‌... എട്ട്‌..." എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുന്നു.

സീന്‍ മൂന്ന്‌

വീട്ടു മുറ്റം.അമ്മു പുല്ലുകള്‍ വകഞ്ഞു മാറ്റി ഉണ്ണിയെ നോക്കുന്നു.വീണ്ടും ഒളിഞ്ഞിരിക്കുന്നു.പാവാട വകഞ്ഞൊതുക്കി ഉണ്ണി കാണാതിരിക്കാനായി പുല്ലുകള്‍ക്കുള്ളിലേക്ക്‌ ഒന്നുകൂടി കുനിഞ്ഞിരിക്കുന്നു.

സീന്‍നാല്‌

ഉണ്ണി എണ്ണിക്കൊണ്ടിരിക്കയാണ്‌.മുപ്പത്തിയൊന്ന്‌...മുപ്പത്തിരണ്ട്‌...ഇടക്ക്‌ ഇടങ്കണ്ണിട്ട്‌ നോക്കുന്നുണ്ട്‌(ക്ലോസ്‌ അപ്പ്‌).അതിനിടയില്‍ ചുവരില്‍ വലകെട്ടിയിരിക്കുന്ന എട്ടുകാലിയെ കാണുന്നു. തന്മൂലം എണ്ണം തെറ്റുന്നുണ്ട്‌.മുപ്പത്തിനാല്‌..അമ്പത്തിയൊന്ന്‌.....നൂറ്‌...എന്ന്‌ എണ്ണല്‍ അവസാനിപ്പിച്ച്‌ എട്ടുകായി വല നോക്കി നില്‍ക്കുന്നു.എട്ടുകാലി വലക്കു ചുറ്റും ഓടുന്നു.(ക്ലോസ്‌ അപ്പ്‌)

സീന്‍ അഞ്ച്‌

അമ്മു എത്തി നോക്കുന്നു (ക്ലോസ്‌ അപ്പ്).ഉണ്ണിയുടെ എണ്ണല്‍ അവസാനിച്ചതിെ‍ന്‍റ സന്തോഷമുണ്ട്‌.പുല്ലുകള്‍ക്കിടയിലേക്ക്‌ വീണ്ടും കുനിയുന്നു.

സീന്‍ ആറ്‌

ചിലന്തിവലയില്‍ അനക്കമില്ല.ഉണ്ണി കൌതുകപൂര്‍വ്വം അതിനെ നിരീക്ഷിക്കയാണ്‌.പെട്ടെന്ന്‌ എന്തോ കാലില്‍ കടിച്ചതുപോലെ താഴേക്ക്‌ നോക്കുന്നു.ഒരു പറ്റം ഉറുമ്പുകള്‍ വരിവരിയായി പോകുന്നത്‌ കാണുന്നു(ക്ലോസ്‌ അപ്പ്‌).അവയെ പിന്‍തുടരുന്നു.കുനിഞ്ഞ്‌ കൈയൂന്നി പതിയെ ഉറുമ്പുകളെ നിരീക്ഷിക്കുന്നു.ഇടക്ക്‌ അവയെ എണ്ണാന്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷെ എണ്ണം ശരിയാവുന്നില്ല.

സീന്‍ ഏഴ്‌

അമ്മു അക്ഷമയായി ഒരു കോലെടുത്ത്‌ മണ്ണില്‍ കുഴികളുണ്ടാക്കുന്നു.പിന്നീട്‌ ഉണ്ണിയുടെ ശ്രദ്ധ തിരിക്കാന്‍ ഒരു പൂച്ചെടി എടുത്ത്‌ അവളിരിക്കുന്ന പുല്ലിനു മുകളിലായി അനക്കങ്ങള്‍ സൃഷ്ടിക്കുന്നു.(ലോങ്ങ്‌ ഷോട്ട്‌ )

സീന്‍ എട്ട്‌

ഉണ്ണി ഉറുമ്പിെ‍ന്‍റ കൂട്‌ കണ്ടെത്തിയിരിക്കുന്നു.ഒരു കൂട്ടു ഉറുമ്പുകള്‍ ഒരു ചത്ത തുമ്പിയുമായി കൂട്ടിലേക്ക്‌ വരുന്നു.ഉണ്ണി തുമ്പിയെ പിടിക്കുന്നു.അതിനെ പലതവണ അനക്കി നോക്കുന്നു.ചത്ത തുമ്പിയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനെ മുറ്റത്ത്‌ ഒരു കുഴികുത്തി അതിലേക്ക്‌ വലിച്ചിടുന്നു.

സീന്‍ ഒന്‍പത്‌

അമ്മു നിരാശയാണ്‌.മുഖത്ത്‌ അക്ഷമാ ഭാവം പ്രകടമാണ്‌.ഉണ്ണിയുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.(കിളികളുടേയും മറ്റും ശബ്ദങ്ങള്‍).മനപ്പൂര്‍വ്വം തെ‍ന്‍റ പാവാടയുടെ അറ്റം ഉണ്ണിക്ക്‌ കാണാനാവും വിധം വിടര്‍ത്തിയിടുന്നു.

സീന്‍ പത്ത്‌

ഉണ്ണി തുമ്പിയെ കുഴിച്ചിട്ട്‌ കഴിഞ്ഞിരിക്കുന്നു.പെട്ടെന്ന്‌ കാറ്റു വീശാനും മഴപെയ്യാനും തുടങ്ങി.ഉണ്ണി അകത്തേക്ക്‌ ഓടുന്നു.വരാന്തയിലിരുന്ന്‌ മഴ കാണുന്നു.പെട്ടെന്ന്‌ എന്തോ ഓര്‍ത്തശേഷം അകത്തേക്ക്‌ ഓടുന്നു.

സീന്‍ പതിനൊന്ന്‌

വീടിന്‍റെ അകം.ഉണ്ണി അലമാരയിലെന്തോ തിരയുകയാണ്‌.പുസ്തകങ്ങളും മറ്റും വലിച്ചിട്ട്‌ പരിശോധിക്കുന്നു.പിന്നീട്‌ അല്‍പ്പം മടിയോടെ പാഠപുസ്തകത്തില്‍ നിന്ന്‌ ഒരു പേജ്‌ ചീന്തുന്നു.അതുപയോഗിച്ച്‌ ഒരു കചലാസ്‌ തോണിയുണ്ടാക്കുന്നു.(പുറത്തു നിന്നും കനത്ത മഴയുടെ ശബ്ദം കേള്‍ക്കാം.)

സീന്‍ പന്ത്രണ്ട്‌

വീട്ടുമുറ്റം.മുറ്റത്ത്‌ വെള്ളം ഒഴുകുന്നുണ്ട്‌.തോണി കയ്യിലെടുത്ത്‌ അതിലേക്ക്‌ ഒരു ഉറുമ്പിനെ പിടിച്ചിടുന്നു.എന്നിട്ട്‌ തോണി വെള്ളത്തിലിറക്കുന്നു.പതിയെ ഒഴുക്കിക്കൊടുക്കുന്നു.തോണിയിലിരുന്ന്‌ ഉറുമ്പ്‌ പലവഴി ഓടുന്നു.(ക്ലോസ്‌ അപ്പ്്‌).ഉണ്ണിയുടെ മുഖത്ത്‌ സന്തോഷം.അവന്‍ തോണി പോവുന്നത്‌ ചേച്ചിയെ വിളിക്കുന്നു. പെട്ടെന്ന്‌ എന്തോ ഓര്‍മ്മ വന്നതുപോലെ അല്‍പ്പനേരം ആലോചിക്കുന്നു.മുഖഭാവം മാറുന്നത്‌ കാണാം.

സീന്‍ പതിമൂന്ന്‌

മഴ തോര്‍ന്നിരിക്കുന്നു.ഉണ്ണി ചേച്ചിയെ നീട്ടി വിളിച്ചുകൊണ്ട്‌ നടക്കുകയാണ്‌.മുഖത്ത്‌ പരിഭ്രമം പ്രകടമാണ്‌.ഉണ്ണി ഓടുന്നുണ്ട്‌.പുല്ലുകളും മരങ്ങളും വകഞ്ഞു മാറ്റി നോക്കുന്നുണ്ട്‌.

സീന്‍ പതിനാല്‌

ഉണ്ണിയുടെ തോണി ഒഴുക്കിലൂടെ ഒഴുകി ഒരു ദ്വാരത്തിലൂടെ ഒരു അഴുക്കു ചാലിലെത്തുന്നു.(ലോങ്ങ്‌ ഷോട്ട്‌)

സീന്‍ പതിനഞ്ച്‌

ഉണ്ണി ഓടിനടക്കുകയാണ്‌.ചേച്ചീ എന്ന്‌ നീട്ടി വിളിക്കുന്നുണ്ട്‌.മുഖം വല്ലാതെ ചുവന്നിരിക്കുന്നു.അമ്മു ഇരുന്നിരുന്ന പുല്ലിനടുത്തെത്തുന്നു.ഉണ്ണി പുല്ലുകള്‍ വകഞ്ഞുമാറ്റുന്നു.അവിടം ശൂന്യം.ഉണ്ണിയുടെ ശ്രദ്ധതിരിക്കാന്‍ അമ്മു പറിച്ചെടുത്ത പൂച്ചെടി അവിടെ കിടപ്പുണ്ട്‌.അതിനു മുകളിലായി മഴത്തുള്ളികള്‍ പറ്റി നില്‍പ്പുണ്ട്‌.

സീന്‍ പതിനാറ്‌

തോണി ഒഴുകിപ്പോവുകയാണ്‌.അത്‌ ചില ദ്വാരങ്ങളിലൂടെ കടന്നു പോയി അവസാനം വലിയൊരു തോട്ടിലേക്ക്‌ ഒഴുകിച്ചേരുന്നു.

സീന്‍ പതിനേഴ്‌

ഉണ്ണി ഓടി തോണി എത്തിയ തോടിെ‍ന്‍റ വക്കത്ത്‌ നില്‍ക്കുന്നു.അവന്‍ കിതക്കുന്നുണ്ട്‌.മുഖത്ത്‌ പരിഭ്രമം.പെട്ടെന്ന്‌ അവെ‍ന്‍റ മുഖത്ത്‌ അത്ഭുതം നിഴലിക്കുന്നു.അവനുണ്ടാക്കിയ കടലാസു തോണിയില്‍ അമ്മു തുഴഞ്ഞു പോവുന്നത്‌ അവന്‍ കാണുന്നു.അമ്മു പുഞ്ചിരിച്ചുകൊണ്ട്്കൈവീശിക്കാണിക്കുന്നു.അവള്‍ തോണി തുഴഞ്ഞ്‌ അകലേക്ക്‌ നീങ്ങുന്നു....(ലോങ്ങ്‌ ഷോട്ട്‌)

സീന്‍ പതിനെട്ട്‌

വീട്‌.അകം. ഉണ്ണിയുടെ കരച്ചില്‍ കേള്‍ക്കാം. ഉണ്ണിയെ കാണുന്നില്ല.ക്യാമറ ഉണ്ണി കരയുന്നതിന്‍റെ ഉറവിടം തേടി വീടിെ‍ന്‍അകത്തളങ്ങളിലൂടെ സഞ്ചരിച്ച്‌ അവസാനം കിടപ്പുമുറിയിലെത്തുന്നു.ഉണ്ണി അമ്മുവിനെ കെട്ടിപ്പിടിച്ച്‌ കരയുകയാണ്‌.അമ്മു ഒരു നനഞ്ഞ തുണി ഉണ്ണിയുടെ നെറ്റിയില്‍ വച്ചു കൊടുക്കുന്നു.ഉണ്ണിയുടെ കഴുത്തില്‍ കൈവച്ച്‌ നോക്കുന്നു.ഉണ്ണി കിടന്നുകൊണ്ട്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കുന്നു.അവനുണ്ടാക്കിയ കടലാസ്‌ തോണി ഒരു കല്ലില്‍ തടഞ്ഞ്‌ നില്‍ക്കുന്നു.ഉണ്ണിയുടെ മുഖം.(ക്ലോസ്‌ അപ്പ്).വീണ്ടും തോണിയിലേക്ക്‌ ക്യാമറ.തോണി പതുക്കെ ഒഴുകുന്നു.ഉണ്ണിയുടെ കണ്ണുകള്‍ പതിയെ അടയുന്നു.(ക്ലോസ്‌ അപ്പ്).

31 comments:

വിഷ്ണു പ്രസാദ് said...

ഹരിതയ്ക്ക് ബൂലോകത്തേക്ക് സ്വാഗതം.

മോളേ, ഇതിന്റെ പ്ന്മൊഴി സെറ്റിങ്സ് ചെയ്തു തരാന്‍ അച്ഛനോട് പറയൂ.

വിഷ്ണു പ്രസാദ് said...

ഈ സീന്‍ 18 വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.കഥയുടെ മുഴുവന്‍ കലാപരതയെയും അത് നശിപ്പിക്കുന്നുവെന്ന് തോന്നുന്നു.

വിചാരം said...

ഹരിതക്ക് സ്വാഗതം
തിരകഥ നന്നായി ഏട്ടന് ആദ്യം തലയില്‍ കയറിയില്ല വീണ്ടും വായിച്ചു അപ്പോള്‍ ഓരോ സീനും ഒരു സിനിമയെന്നപോലെ തെളിഞ്ഞുവന്നു .. നന്നായി എഴിതിയിരിക്കുന്നു

വേണു venu said...

ഹരിതേ നന്നായി.
സ്വാഗതം ബൂലോകത്തേയ്ക്കു്.
വിഷ്ണുജീ സീന്‍ 18 ഇല്ലെങ്കില്‍ ദൂരൂഹതയിലാവില്ലെ സിനിമാ.

Haree | ഹരീ said...

ഇതൊരു സിനിമയാണോ? അങ്ങിനെ ലേഖിക പറഞ്ഞിട്ടില്ലെങ്കിലും മുകളില്‍ കമന്റിട്ടവര്‍ അങ്ങിനെയാണിതിനെ കാണുന്നതെന്നു തോന്നുന്നു.
--
തീ‍ര്‍ച്ചയായും ഇതിനെ ഒരു സിനിമയാക്കുവാനൊക്കുകയില്ല. ഇവിടെ പറഞ്ഞിരിക്കുന്നതപ്പാടെ ഒരു സീനും ഡിലീറ്റ് ചെയ്യാതെ എടുക്കുകയാണെങ്കില്‍ തന്നെ ഒരു 10 മിനിറ്റ് ദൈര്‍ഘ്യമല്ലേ ഉണ്ടാവൂ? ഒരു ഹൃസ്വചിത്രം എന്നോ ഡോക്യുമെന്ററി എന്നോമറ്റോ പറയുന്നതാവും ഉചിതം.
--
പിന്നെ എനിക്കു തോന്നുന്നു ‘ലളിതം’ കുറച്ചു തിരക്കഥകള്‍ വായിക്കുന്നതു നല്ലതായിരിക്കുമെന്ന്. സീന്‍ 1 മുതല്‍ 10 വരെ ശരിക്കും ഒരൊറ്റ സീനായി കണക്കാക്കാം. അതിലെ പല ഷോട്ടുകളാണ് സത്യത്തില്‍ വിവിധ സീനുകളായി നല്‍കിയിരിക്കുന്നത്. ഷോട്ട് - സീന്‍ - സിനിമ എന്നിങ്ങനെയാണ് ഒരു സിനിമ പുരോഗമിക്കുന്നത്. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞ് കട്ട് പറയും വരെ ഷൂട്ട് ചെയ്യുന്നത് ഷോട്ട് എന്ന് സാമാന്യമായിപ്പറയാം. അങ്ങിനെ പല ഷോട്ടുകള്‍ ചേര്‍ന്ന് ഒരു സീനുണ്ടാവുന്നു. അങ്ങിനെ പല സീനുകള്‍ കൂട്ടിയിണക്കുമ്പോളത് സിനിമയാവുന്നു.
--
അയ്യോ, എഴുതിയിരിക്കുന്നത് ഒരു പത്താം ക്ലാസുകാരിയാണെന്ന് എനിക്കറിയാമേ... അതും പറഞ്ഞ് ഞാനുമായി ആരും വഴക്കിനു വരല്ലേ. ‘ലളിതം’ നന്നാ‍യി എഴുതിയിട്ടുണ്ട്. പക്ഷെ തിരക്കഥയുടെ ഒരു ഘടന എനിക്കറിയാവുന്നതുപോലെ ഒന്നു പറഞ്ഞു കൊടുത്തുവെന്നേയുള്ളൂ. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ആരെങ്കിലുമൊക്കെ തിരുത്തൂ... :)
--

വേണു venu said...

ഹരീ ഭായീ, ഒരു കുഞ്ഞു മനസ്സിലെ ഒരു കുഞ്ഞു സിനിമയുടെ നുറുങ്ങു് എന്ന അര്‍ഥത്തിലാണു് ഞാന്‍ സിനിമാ കൊണ്ടുദ്ദേശിച്ചതു്.

ദൃശ്യന്‍ | Drishyan said...

‘ഒളിച്ചുകളി‘ വായിച്ചു, കമന്‍‌റ്റുകളും വായിച്ചു. “ഇതിനെ ഒരു സിനിമയാക്കുവാനൊക്കുകയില്ല“ എന്ന ഹരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു,മറ്റുള്ളവരുടെ അഭിപ്രായങ്ങളും മാനിക്കുന്നു. എന്‍‌റ്റെ കാഴ്ച്ചപാടില്‍, തന്‍‌റ്റെ മനസ്സിലുള്ള ഒരു കൊച്ചുസംഭവം പറയാന്‍ ഒരു ശൈലി ഹരിത തിരഞ്ഞെടുത്തു-സീനുകളും ഷോട്ടുകളും വെച്ച് തന്നാല്‍ കഴിയും വിധം അവതരിപ്പിച്ചു. അതു തിരക്കഥകള്‍ വായിച്ചോ വായിക്കാതെയോ ആവാം, ഒരുപാട് സിനിമകള്‍ കണ്ട അനുഭവത്തില്‍ നിന്നുമാവാം. എന്തായാലും തിരഞ്ഞെടുത്ത മീഡിയം നന്നായി. ഒരുപക്ഷെ ഒരു കഥാരൂപത്തില്‍ എഴുതിയിരുന്നെങ്കില്‍ ഇത്ര നന്നാവില്ലായിരുന്നു. ഹരിതയ്ക്കു അഭിനന്ദനങ്ങള്‍.
[സീന്‍ 18 ഇല്ലെങ്കില്‍ ഒളിച്ചുകളിക്ക് ഫാന്‍‌റ്റസിയുടെ മറ്റൊരു തലം ഉണ്ടാവുമായിരുന്നു. അതു ഇപ്പോഴുള്ളതിനേക്കാള്‍ നന്നാവുമോ ഇല്ലെയോ, എത്രത്തോളം നമുക്ക് ഇഷ്ടപ്പെടുമായിരുന്നു എന്നൊക്കെ ഇത്രയും വായിച്ചു കഴിഞ്ഞതിനു ശേഷം ഇനി പറയാന്‍‍ പ്രയാസമാണ്.]

Haree | ഹരീ said...

വേണുമാഷേ,
തിരക്കഥയിലും, സിനിമയിലും താത്പര്യമുള്ള ഒരു കുട്ടിയാണല്ലോ ഹരിത. നന്നായിത്തന്നെ എഴുതിയിട്ടുമുണ്ട്. ഞാനതിന്റെ സാങ്കേതികതയെക്കുറിച്ച് എനിക്കറിയാവുന്നതു പറഞ്ഞുകൊടുക്കുവാനാണു ശ്രമിച്ചത്. ദൃശ്യന്‍ പറഞ്ഞതുപോലെ തിരഞ്ഞെടുത്ത മീഡിയം നന്നായി, ആ മീഡിയത്തോടു താത്പര്യമുണ്ടെങ്കില്‍ ഹരിതയ്ക്ക് ഒരു നല്ല തിരക്കഥാകൃത്താകുവാന്‍ ശ്രമിക്കാവുന്നതാണ്. അതിനായി പത്മരാജന്‍ സിനിമകളുടേയോ, ഭരതന്‍ സിനിമകളുടേയോ, എം.ടി. സിനിമകളുടേയോ, ഇപ്പോള്‍ ബ്ലസിയുടെ സിനിമകളുടേയോ മറ്റോ തിരക്കഥ വായിക്കുകയാണെങ്കില്‍ ആ സങ്കേതത്തെക്കുറിച്ച് കൂടുതലായി അറിയുവാനും, ഇനിയുള്ള പരീക്ഷണങ്ങളില്‍ കൂടുതല്‍ മികവു പുലര്‍ത്തുവാനും ഹരിതയ്ക്കു കഴിയില്ലേ? ഹരിതയെഴുതിയതു നന്നായി, സിനിമയാക്കാം എന്നൊക്കെമാത്രം എഴുതിയാല്‍ മതിയോ? നല്ല കഥകളും തിരക്കഥകളുമില്ല എന്നതാണല്ലോ മലയാളസിനിമ നേരിടുന്ന ഒന്നാമത്തെ പ്രശ്നം. അതിനൊരു പരിഹാരം ഹരിതയെപ്പോലെ ഇതിനോടു താത്പര്യമുള്ളവര്‍ തന്റെ കഴിവു കുട്ടിക്കാലം മുതല്‍ക്കേ വികസിപ്പിച്ചു വളരുന്നതല്ലേ?
--
ഇതൊക്കെ പറഞ്ഞുകൊടുക്കുവാന്‍ മാത്രം അറിവൊന്നുമെനിക്കില്ല, എനിക്കറിയാവുന്നതു പറഞ്ഞു എന്നു മാത്രം. നേരത്തെയുള്ള പോസ്റ്റില്‍ പറഞ്ഞതുപോലെ ഹരിതയെ വിമര്‍ശിക്കുകയോ, ഹരിതയുടെ തിരക്കഥയെ കുറച്ചു കാണുകയോ അല്ല എന്റെ ഉദ്ദേശം. :)
--
സീന്‍ 18നെക്കുറിച്ച് പറയുകയായിരുന്നുവെങ്കില്‍ ദൃശ്യന്‍ പറഞ്ഞതുപോലെ അതുണ്ടെങ്കിലിതിന്‍ മറ്റൊരു തലം, ഇല്ലെങ്കിലിതിന് വേറൊരു തലം. അത് കഥാകാരിയുടെ സ്വാതന്ത്ര്യത്തിനും ചിന്താഗതിക്കും വിടുന്നതാണ് ഉചിതമെന്നു തോന്നുന്നു.
--

കരീം മാഷ്‌ said...

ഹരിതേ നന്നായിരിക്കുന്നു.
സിനിമയാക്കാന്‍ പറ്റുമോ ഇല്ലേ എന്നുള്ളതല്ല വിഷയം.
സംവേദനത്തിനു തിരക്കഥാ രൂപം എത്രമാത്രം ഫലവത്താണെന്നാണ്.
എന്റെ അഭിപ്രായത്തില്‍ അതു കൊള്ളാമെന്നാണ്.
തുടരുക
സിനിമയുണ്ടാക്കിയില്ലങ്കിലും നമുക്കു വീഡിയോ ക്ലീപ്പിംഗെങ്കിലും ഉണ്ടാക്കാമെന്നേ!

അലിഫ് /alif said...

ഹരിതയ്ക്ക് സ്വാഗതം. ഒളിച്ച് കളിയിലൂടെ ഹരിത പറയാന്‍ ശ്രമിച്ച പ്രമേയമല്ല, മറിച്ച് തിരഞ്ഞെടുത്ത മീഡിയമാണ് എന്നെ ആകര്‍ഷിക്കുന്നത്.പോരായ്മകള്‍ ഉണ്ട്, ഹരി പറഞ്ഞിരിക്കുന്നപോലെ ധാരാളം വായിക്കൂ.
എഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യൂ.
പിന്നെ, ഹരീ, 10 മിനുട്ടേ യുള്ളൂ വെങ്കില്‍ അതിനെ സിനിമ യെന്ന് വിളിച്ചൂടെ, അതോ തികച്ചും ഒരു രണ്ട് രണ്ടര മണിക്കൂര്‍ വേണമെന്നുണ്ടോ..?
ഓഫ് ) ഹരിയോട് തന്നെ, സിനിമാ സാങ്കേതിക വിദ്യയെക്കുറിച്ചൊരു ബ്ലോഗ് തുടങ്ങുന്നതിനെ ക്കുറിച്ചെന്ത് പറയുന്നു.?

Haree | ഹരീ said...

ആലിഫിനോട്,
തീര്‍ച്ചയായും വിളിക്കാവുന്നതാണ്, പക്ഷെ അപ്പോള്‍ ഹൃസ്വചിത്രം, ഡോക്യുമെന്ററി എന്നൊക്കെ എന്തിനെ വിളിക്കും? എന്റെയൊരു കാഴ്ചപ്പാടില്‍ ഒരു 1 മണിക്കൂറെങ്കിലുമില്ലാത്തത് സിനിമ എന്നു കണക്കാക്കുവാനൊക്കുകയില്ല എന്നാണ്.
--
എന്റമ്മോ... സിനിമ സാങ്കേതിക വിദ്യയുടെ എ, ബി, സി, ഡി എനിക്കറിയില്ല... ബാക്കിയുള്ള ഇരുപത്തിരണ്ടക്ഷരവും അറിയില്ല... ആ ഞാനാണോ സിനിമ സാങ്കേതിക വിദ്യയെക്കുറിച്ച് ബ്ലോഗെഴുതുന്നത്? :P
--
ആകെ ചെയ്യുന്നത് കാണുന്ന പടങ്ങള്‍ ഒന്നു വിലയിരുത്തുവാന്‍ ശ്രമിക്കുന്നു എന്നതാണ്... അതിനായി ഞാനൊരു ബ്ലോഗ് ‘ചിത്രവിശേഷം’ എന്നപേരില്‍ തുടങ്ങിയിട്ടുണ്ടേ...
--

വിശ്വപ്രഭ viswaprabha said...

മാഷേ! ഇത്ര മിടുക്കിയായ ഈ ഹരിതക്കുട്ടിയെ കാണാനൊത്തില്ലല്ലോ അന്ന്‌!

ഇനി എന്തായാലും ഇവിടെത്തന്നെയുണ്ടാവണാം എന്നു പറയൂ.

ഇതൊരു തികച്ചും വ്യത്യസ്തമാര്‍ന്ന,പുതുമയാര്‍ന്ന ശൈലിയാണ്. നല്ലൊരു കുഞ്ഞുസിനിമ തന്നെ ഇതില്‍നിന്നും മിനഞ്ഞെടുക്കാം.. സിനിമാലോകത്ത് Short Subject എന്നോ cinéma vérité എന്നോ വിളിക്കുന്ന ഒരു കലാരൂപം.

അല്ലെങ്കില്‍ വേണ്ട, നമുക്കൊരു പുതിയ പേരിടാം: “സിനിമാലെറ്റ്”!

ബ്ലോഗുചില്ലകളില്‍ ഇതാ പുതിയൊരു പൂ‍കൂടി വിരിഞ്ഞിരിക്കുന്നു!


ഇനിയൊരു വസന്തത്തിനു വിത്തായി മാറട്ടെ ഇപ്പൂവ്‌!

സു | Su said...

ഹരിതമോളുടെ തിരക്കഥ വായിച്ചു. നന്നായിട്ടുണ്ട്. :)

ഒക്കെ ഒരു സിനിമ പോലെത്തന്നെ കണ്ടു.

ദൃശ്യന്‍ | Drishyan said...

ഹരി, വേണു, വിശ്വപ്രഭ, കരീം‌മാഷ്, വിഷ്ണു, അലിഫ്, ഇതരര്‍ (പിന്നെ ബൂലോകത്തില്‍ ആരെല്ലാമോ ഉണ്ടോ അവരെല്ലാം) വായിച്ചറിയുവാന്‍. നമ്മള്‍ എല്ലാരും പറഞ്ഞു തുടങ്ങിയ ‘കാര്യ’ങ്ങളിലേക്ക് ഒരൂ നുറുങ്ങു‍ കൂടി ചേര്‍ക്കുന്നു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍‌റ്ററി- എന്തൊക്കെയായാലും സിനിമ സിനിമ തന്നെ. ആ സങ്കേതത്തെ ഇത്തിരി ഗൌരവത്തോടെ ആരെങ്കിലും സമീപിക്കുന്നത് നമ്മള്‍ (നല്ല)സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇത്തരം ചര്‍ച്ചകളുടെ ഫലപ്രദമായ ഉരുത്തിരിയല്‍ - ഹരി പറഞ്ഞത് പോലെ - ഒരു കൊച്ചുനാമ്പിന് ഇത്തിരി വെള്ളവും വെളിച്ചവും (ആവശ്യത്തിന് മാത്രം വളവും) കൊടുത്ത് കൂടുതല്‍ കരുത്തോടെ വളരാനുള്ള അന്തരീക്ഷമൊരുക്കുക എന്നതാണ്. അത് ഈ “ബ്ലോഗലില്‍” കൂടെ നടക്കുന്നുണ്ട് എന്നത് വളരെ സന്തോഷം നല്‍കുന്നു. ഇത്തരം ചര്‍ച്ചകള്‍ ഇനിയും കൊഴുക്കട്ടേയെന്നും ചലച്ചിത്രസങ്കേതത്തെ ഹരിതയും‍ അതു പോലെ കഴിവും താല്പര്യമുള്ളവരും അതര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിക്കട്ടേയുന്നുമുള്ള പ്രതീക്ഷയോടെ

സസ്നേഹം
ദൃശ്യന്‍

പെരിങ്ങോടന്‍ said...

നല്ല തമാശ തന്നെ 1 മിനുറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിനു പോലും തിരക്കഥയുണ്ടു് (സ്ക്രിപ്റ്റ് എന്ന സാങ്കേതികപദത്തിനെ ആരോ തെറ്റായി തിരക്കഥയെന്നു തര്‍ജ്ജമ ചെയ്തതില്‍ ഖേദിക്കണം). ഹരിതയുടെ തിരക്കഥയ കലാപരമായ മേന്മകള്‍ നിലനിര്‍ത്തുന്നുണ്ടു്, അതിന്റെ സാങ്കേതികത്വത്തിനെ കുറിച്ചാലോചിച്ചു ബേജാറാവേണ്ടതില്ല. ഒരു ഷോട്ടുമാത്രം പാലിക്കുന്ന സീനുകളില്‍ ചെയ്ത സിനിമകളും കുറവല്ല, എഴുത്തു നന്നായി. ഇതു ഹരിത തന്നെ എഴുതിയിട്ടതാണോ ബ്ലോഗില്‍, അതോ ഹരിതയ്ക്കു വേണ്ടി മറ്റാരെങ്കിലുമോ? [അഭിപ്രായങ്ങള്‍ ഹരിതയ്ക്കു ലഭിക്കുന്നില്ലെങ്കില്‍ നേരെ പീപീയാറിനു മെയിലയയ്ക്കാം എന്നു കരുതി ;)]

പച്ചാളം : pachalam said...

:)
നനായി, വ്യത്യസ്ഥമായി, എഴുതിയിരിക്കുന്നൂ..ലളിതം.

സ്വാഗതം (നേരത്തെ കണ്ടിരുന്നില്ലാ)

സാരംഗി said...

ഹരിതക്കുട്ടീ, തിരക്കഥ ഇഷ്ടമായി. ഇനിയുമിനിയും എഴുതുക. ഇതു വായിച്ചതിനു ശേഷം കണ്ണടച്ച്‌ മനസ്സിന്റെ വെള്ളിത്തിരയില്‍ സിനിമാരൂപവും കണ്ടു. കൊള്ളാം കെട്ടോ. ബൂലോഗത്തേയ്ക്കു സ്വാഗതം. പഠനം ഉഴപ്പരുത്‌ എന്നു പ്രത്യേകം പറയേണ്ടല്ലൊ.
:-) എല്ലാ ആശംസകളും നേരുന്നു.

അനംഗാരി said...

ഹരിത കുട്ടി,സ്വാഗതം.
വീട്ടിലെ ചിലന്തിവല പണിമുടക്കിലായിരുന്നത് കൊണ്ട് ബൂലോഗത്ത് വരാനോ, ഇത് കാണാനോ കഴിഞ്ഞില്ല.

തിരക്കഥയില്‍ പോരായ്മകളുണ്ട്.പക്ഷെ ഹരിതയെന്ന പതിനഞ്ച് വയസ്സുകാരിയെ സംബന്ധിച്ച് ഈ പോരായ്മ ഒരു കുറവായി ഞാന്‍ കാണുന്നില്ല.ഒരു തിരക്കഥ രചിക്കുന്നതിന് മുന്‍‌പ് എഴുതേണ്ട രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് നോക്കൂ.എന്നിട്ടതിനെ കഥയാക്കണം.(ഞാന്‍ പണ്ട് ഈ രൂപത്തില്‍ ഒരു കഥയെഴുതിയിരുന്നു.ഞാനും അന്ന് ഒരു പതിഞച് വയസ്സുകാരനായിരുന്നു.)അപ്പോള്‍ എത്ര രംഗങ്ങള്‍ എങ്ങിനെ, എവിടെ എന്നൊക്കെ താനെ വരും.പിന്നീട് തിരക്കഥയാക്കാവുന്നതാണ്.പറഞ്ഞു തരാന്‍ അച്ഛന്‍ മാഷുണ്ടല്ലോ.
എഴുതി നന്നാവട്ടെയെന്ന് ആശംസിക്കുന്നു.
അഭിനന്ദനങ്ങള്‍.

അലിഫ് /alif said...

നാടകത്തിന്റെയും സിനിമയുടേയുമൊക്കെ രൂപരേഖയ്ക്കല്ലേ സ്ക്രിപ്റ്റ്‌ എന്ന് പറയുന്നത്‌. സിനിമയുടേതാകുമ്പോള്‍ തിരക്കഥ യാവുന്നു (തിരശ്ശീലയില്‍ പതിയേണ്ട കഥ തിരക്കഥ, ശരിയോ എന്തോ..!!) നാടകം സിനിമയില്‍ നിന്നും വ്യത്യസ്ഥമായി സാഹിത്യരൂപം കൂടി ആണന്നത്‌ കൊണ്ടാണ്‌ അതു വായിച്ചാസ്വദിക്കാനും കഴിയുന്നത്‌. എന്നാല്‍ സിനിമാ തിരക്കഥ ഒരിക്കലും വായിച്ച്‌ സിനിമയ്ക്ക്‌ ഒപ്പം പോകാനൊ ആസ്വദിക്കാനോ ആവില്ല. പിന്നെ പത്മരാജന്‍, എം.ടി. തുടങ്ങിയവരുടെ തിരക്കഥകള്‍ വ്യത്യസ്ഥമാകുന്നതും വായിക്കപ്പെടുന്നതും അവര്‍ കഥകാരന്മാരും സംവിധായകരും കൂടിയാകുന്നത്‌ കൊണ്ടാണെന്ന് തോന്നുന്നു.
അതുപോലെ തന്നെ തിരക്കഥയും ഷൂട്ടിംഗ്‌ സ്ക്രിപ്റ്റും രണ്ടും രണ്ടാണ്‌. ആദ്യത്തേതില്‍ സംവിധായകന്റെ ഇടപെടല്‍ ഉണ്ടാവണമെന്നില്ല. സീനുകളില്‍ നിന്നും ഷോട്ട്‌ തിരിച്ചെഴുതുന്നതൊക്കെ ഷൂട്ടിംഗ്‌ സ്ക്രിപ്റ്റിലാണ്‌, അതു തന്നെയാണ്‌ എഡിറ്ററുടെയും ഒക്കെ മേശപ്പുറത്തുമുണ്ടാവുക.
ലളിതം പറയാന്‍ ശ്രമിച്ചിരിക്കുന്ന 'ഒളിച്ചുകളി' തിരക്കഥയുടെ ആദ്യരൂപത്തിലാണ്‌, അതു തന്നെയാണ്‌ വേണ്ടതും.(നന്നായിട്ടുമുണ്ട്) സമയദൈര്‍ഘ്യം തിരക്കഥ രചനയ്ക്ക്‌ തടസ്സമാകുന്നത്‌ എങ്ങിനെയെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല, ദൃശ്യവല്‍ക്കരിക്കുന്ന സംവിധായകനാണ്‌ അത്‌ പാലിക്കേണ്ടത്‌, ഒപ്പം അയാളെ സഹായിക്കുന്ന 'കത്രിക' ക്കാരനുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

ഓഫ്) ഇതെഴുതുന്ന കുട്ടി ‘ബൂലോഗ’ ത്തിലെ ആരുടെയെങ്കിലും മകളാണോ, പല കമന്റുകളിലും അത് പരാമര്‍ശിക്കുന്നു. പ്രൊഫൈലില്‍ ഒന്നും കാണാനില്ല താനും,ആരെങ്കിലും ഒന്നു പരിചയപ്പെടുത്തിയാല്‍ നന്നായിരുന്നു.
ആശംസകള്‍

വക്കാരിമഷ്‌ടാ said...

ഹരിത, നന്നായിരിക്കുന്നു. എന്റെ പത്താം തരവും അന്ന് ഞാന്‍ ചെയ്ത/ചെയ്യാത്ത/ചിന്തിച്ച/ചിന്തിക്കാത്ത കാര്യങ്ങളും ഹരിത ഇപ്പോള്‍ ചെയ്യുന്ന ഇത്തരം രചനകളും താരതമ്യപ്പെടുത്തുമ്പോള്‍ ഹരിതയൊക്കെ എത്ര മിടുക്കിയാണെന്ന് തിരിച്ചറിയുന്നു.

ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഉള്‍ക്കൊണ്ട് ഇനിയും എഴുതുക-പഠനത്തെ ബാധിക്കാതെ.

സീന്‍ 18-നെപ്പറ്റി ദൃശ്യന്റെയും ഹരിയുടെയും അഭിപ്രായം തന്നെ എനിക്കും. എന്നാലും അധികം തല പുകയ്ക്കേണ്ടാത്ത രീതിയില്‍ സീനുകള്‍ അവസാനിക്കുന്നതാണ് എനിക്കിഷ്ടം :)

ആശംസകള്‍.

കുറുമാന്‍ said...

ഹരിതക്ക് ബൂലോകത്തിലേക്ക് സ്വാഗതം.

നല്ല എഴുത്ത്. ഇനിയും എഴുതൂ, അതോടോപ്പം തന്നെ മനസ്സിരുത്തി പഠിക്കുകയും വേണം, പത്താം തരമല്ലെ.

തമനു said...

അഭിനന്ദനങ്ങള്‍ ഹരിത ..

ഇതിനെ സിനിമയാക്കാനാവുമോ എന്നതിനെപ്പറ്റി ചിന്തിക്കേണ്ട.. നമ്മള്‍ എഴുതുമ്പോള്‍ മനസ്സിലുള്ള കാര്യങ്ങള്‍ എത്രത്തോളം അതേ രീതിയില്‍ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതാണ്‌ പ്രധാനം. അതില്‍ ഹരിത വിജയിച്ചിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു. എല്ലാ സീനുകളും സുന്ദരമായി വായനക്കാരുടെ മനസിലേക്കെത്തുന്നു. വീണ്ടും അഭിനന്ദനങ്ങള്‍.

എല്ലാവരും എഴുതിയതു പോലെ .. കൂടുതല്‍ വായിക്കുക, നല്ലതുപോലെ പഠിക്കുക

നല്ലതു വരട്ടെ.

രാജു ഇരിങ്ങല്‍ said...

ഹരിതയുടെ തിരക്കഥ മനോഹരം. ബിംബങ്ങളൊക്കെയും പുതിയ അര്‍ത്ഥങ്ങളും വ്യാകരണങ്ങളും നല്‍കുന്നു.

ഹരിയുടെ ചോദ്യം സിനിമയാണോ എന്നാണ്. ആണ് എന്നു തന്നെയാണ് എനിക്ക് തോന്നിയത്. പറയാന്‍ ശ്രമിച്ച കാര്യം തിരക്കഥയിലൂടെ വ്യക്തമാകുന്നു. പിന്നെ ഇതൊരു സംവിധായകന്‍റെ കയ്യില്‍ കിട്ടിയാല്‍ നിരവധി മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കാന്‍ കഴിയും എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

ഹരി പറഞ്ഞതു പോലെ കുറച്ച് തിരക്കഥകള്‍ വായിക്കുന്നത് ടെക്നിക്കല്‍ വശവും സീന്‍ ഉണ്ടാക്കുന്ന രീതികളും അറിയുവാന്‍ സഹായിക്കും എന്നു തോന്നുന്നു. ആദ്യ 10 സീന്‍ ഒറ്റ സീന്‍ ആയി മാറ്റാവുന്നതാണ്. അവിടെ യാണ് തിരക്കഥ വായനയുടെയും അനുഭവത്തിന്‍റെയും ആവശ്യകത നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്നത്. ഷോട്ടുകളും സീനുകളും തമ്മിലുള്ള വ്യത്യാസവും ക്യാമറ ചലിപ്പിക്കുന്നതിലെ അറിവും നല്ല തിര്‍ക്കഥ എഴുതുന്നതിനെ സഹായിക്കും ഇതൊക്കെയും ടെക്നിക്കല്‍ ഭാഗമാണ്. എന്നാല്‍ മനസ്സില്‍ തിരക്കഥയുള്ള രചയിതാവ് ഇതിന്‍റെയൊന്നും പുറകെ പോകേണ്ട എന്ന് മറ്റൊരു വാദവും ഉണ്ട്. അതൊക്കെ സംവിധായകന്‍ തീരുമാനിക്കും.

സീന്‍ 11 മുതല്‍ എല്ലാം വളരെ മിനുക്കിയതാണ്. ശരിക്കും വായനക്കാരന് സീന്‍ കാണുവാന്‍ സാധിക്കുന്നു. ഒപ്പം വേദനയും വിഹ്വലതയും.

എന്താ‍യാലും നല്ല തിരക്കഥകള്‍ ഇനിയും ഉണ്ടാകട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.
കുട്ടികളുടെ ചിന്തയും വികാരങ്ങളും പകര്‍ത്താന്‍ കുട്ടികള്‍ക്കാല്ലാതെ മാറ്റാര്‍ക്ക് പറ്റും?

Anonymous said...

തിരക്കഥ കൊള്ളാം.

lakshmy said...

തിരക്കഥയിലൂടെ ഹരിത പറഞ കഥഅ തന്തു ഇഷ്ടമായി.

ഒളിച്ചിരിപ്പ് അനാഥമായ കാത്തിരിപ്പായി മാറിയെന്ന് വരുമോ….[കടപ്പാട് ഗുപ്തരോട്] എന്ന ആശങ്കയില്‍ നിന്ന് അമ്മുവിന്റെ ഒളിച്ചിരിപ്പ് അവസാനമില്ലാത്ത കാത്തിര്‍പ്പായി വരുമോ എന്ന ഉണ്ണിയുടെ ആശങ്കയില്‍ എത്തി നില്‍ക്കുമ്പോള്‍ അമ്മു ഉണ്ണിയെ ശരിക്കും പറ്റിച്ചു.
ഇഷ്ടമായി അമ്മുവിനേം ഉണ്ണിയേം
ഞാനെന്റെ കുട്ടിക്കാലവുമോര്‍ത്തു പോയ്

പി.പി.രാമചന്ദ്രന്‍ said...

സംസ്ഥാന അവാര്‍ഡ് നേടിയതില്‍ അഭിനന്ദനങ്ങള്‍

അനൂപ് :: anoop said...

അഭിനന്ദനങ്ങള്‍ !! ഇതിന്റെ വിഡിയൊ യൂറ്റ്യൂബിലൊ മറ്റൊ ഉണ്ടോ?

urumbu (അന്‍വര്‍ അലി) said...

അമ്മൂ, സന്തൊഷം.

Suj said...

Congrads Ammu!

Love,
Suja
(let me see if u recognise me)

SATCHIDANANDAN said...

Abhinandanangal, Harita!Thirakkathayum vayichu, nannaayi. Sachimama

nari said...

സംസ്ഥാന അവാര്‍ഡ് നേടിയതില്‍ അഭിനന്ദനങ്ങള്‍.by harisankar.k