Friday, January 19, 2018

വേദന


 വെള്ളത്തിനു മീതെ,കൈകാലുകള്‍ അനക്കാതെ, ആകാശത്ത് മേഘങ്ങള്‍ രൂപം മാറുന്നതും നോക്കി മലര്‍ന്നു കിടക്കുമ്പോള്‍ വെള്ളത്തിനടിയില്‍ മീനുകള്‍ മിണ്ടുന്ന ഒച്ച കേള്‍ക്കാം. കനവിലെന്ന പോലെ കനമില്ലാതെ കടലാസുകണക്കങ്ങനെ കിടന്ന് മീനൊച്ച കേള്‍ക്കുമ്പോഴാണ് ആദ്യമായി അടിവയറ്റില്‍ ആ വേദന വന്നത്. വേദന കൂടി വന്നപ്പോള്‍ ശരീരം തളരാന്‍ തുടങ്ങി.  വേദനക്ക് കനം വച്ചു. കനം കൂടിക്കൂടി വന്നപ്പോള്‍ പതുക്കെ വെള്ളത്തിനടിയിലേക്ക് താഴുന്ന പോലെ തോന്നി. തുഴഞ്ഞു പൊന്താന്‍ ആഞ്ഞെങ്കിലുംകൈ അനക്കാന്‍ പോലും കഴിയുന്നില്ല. വല്ലാത്ത തളര്‍ച്ച. ആകാശവും മേഘങ്ങളും കാണാതായി. കുളത്തിന്‍റെ തണുപ്പും പായലിന്‍റെ കൊഴുപ്പും അറിയാന്‍ തുടങ്ങി. പരക്കം പായുന്ന പരല്‍മീനുകള്‍, നടുക്കം മാറാത്ത തവളപ്പൊട്ടുകള്‍
അനക്കമില്ലാതെ ആമ, മഷി വിതറി കണവ  അങ്ങനെ പലതും തൊട്ടും തൊടാതെയും കടന്നു പോയി. കുറച്ചു കൂടെ താഴോട്ട് എത്തുമ്പോള്‍ നക്ഷത്ര മീനുകള്‍,പവിഴപ്പുറ്റുകള്‍, നീരാളി, കക്ക, ഞണ്ട്, മുത്തുചിപ്പി... അടിത്തട്ട് കാണാറായി. കാല് നനുത്ത ചേറില്‍ തട്ടി.ചേറിളകി മണം പരന്നു. കാല് ചവിട്ടി നില്‍ക്കാന്‍ ശ്രമിച്ചു. വെള്ളത്തിനടിയില്‍, തണുപ്പില്‍, ചേറില്‍, മീനുകളുടെ നടുവില്‍ നിന്ന് നോക്കുമ്പോഴതാ അവിടെ അമ്മ ഇരിക്കുന്നു. അമ്മയുടം മുടി ചീകി കൊണ്ട്പിറകില്‍ അമ്മമ്മയുണ്ട്. അവര്
മുടി ചീകി കൊച്ചു വര്‍ത്താനം പറഞ്ഞിരിക്കയാണ്, കാലങ്ങള്‍ താണ്ടി കല്ലിച്ച വേദനയോളം കനമുള്ള ഒരു തിമിംഗലത്തിന്‍റെ വാലിന്‍മേല്‍!

Friday, June 01, 2012

ആയിരത്തൊന്നിലേറെ രാവുകള്‍

ഞാന്‍ നിന്നോട് പറഞ്ഞു കൊണ്ടിരിക്കുന്ന കഥകളില്‍ ഏതെങ്കിലും ഒന്ന് നീ ശ്രദ്ധയോടെകേട്ടിട്ടുണ്ടോ? അടുക്കളയില്‍ മഞ്ഞപ്പൊടി ഇട്ടുവച്ച പാത്രത്തിനടിയില്‍ ഒളിപ്പിച്ചു വച്ച തുണ്ടുകടലാസുകളില്‍ , ചൂടാറാപെട്ടിയുടെ അടിയില്‍ വിരിച്ചിട്ട ന്യൂസ്പേപ്പറില്‍ , കൈവെള്ളയില്‍ ........ പലപ്പോഴായി കുറിച്ചുവക്കുന്ന വരികള്‍ കൂടിച്ചേര്‍ന്നാണ് എന്‍റെ കഥകളുണ്ടാവുന്നത് എന്നു എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ? നിന്‍റെ രുചിക്കനുസരിച്ച് അവയെ മെരുക്കി ഒരുക്കിയെടുക്കാന്‍ ഞാന്‍ പെടുന്ന പാട് എന്താണെന്ന് നീ അന്വേഷിച്ചിട്ടുണ്ടോ?
എന്നിട്ടും..............
വാങ്ങേണ്ട പച്ചക്കറികളുടെ നീണ്ട ലിസ്റ്റിന്‍റെ കഥ, കാച്ചിയാല്‍ പൊള്ളയ്ക്കാത്ത പപ്പടത്തോടുള്ള പരാതിക്കഥ, തകരാറിലായ വാഷിങ്ങ് മെഷീന്‍ ഉണ്ടാക്കുന്ന പതിഞ്ഞ് വികൃതമായ ശബ്ദത്തിന് എന്‍റെ ഉച്ഛ്വാസ നിശ്വാസങ്ങളോടു കാണപ്പെട്ട സാദൃശ്യത്തിന്‍റെ കഥ, അയല്‍ക്കാരിയുടെ അര്‍ത്ഥം വച്ചുള്ള നോട്ടങ്ങളും വാക്കുകളും ഉള്ള് പൊള്ളിക്കുന്നതിന്റെ കഥ, കറിക്കു മുറിച്ച വെണ്ടക്കയില്‍ നിന്ന് തലപൊക്കി ചിരിച്ച പുഴുവിന്‍റെ കഥ......... ഇങ്ങനെ എത്ര എത്ര കഥകള്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു.
പറഞ്ഞവയേക്കാള്‍ അധികം പറയാത്തവയാണ്. ചൂടാറാപെട്ടിയുടെ കരി പടര്‍ന്ന് മാഞ്ഞുപോയി ചിലത്, ഉള്ളം കൈയ്യിലെഴുതിച്ചേര്‍ത്ത ചിലത് ചീനച്ചട്ടിയുടെ വക്കു കൊണ്ട് പൊള്ളിയ മുറിവ് പൊട്ടി ഒലിച്ചപ്പോള്‍ രക്തത്തോടൊപ്പം ഒഴുകിപ്പോയി. ബാക്കി വന്ന തുണ്ടുകടലാസ് കുറിപ്പുകള്‍ നീ തൂക്കിവില്‍പ്പനക്കാരന് കൊടുത്തു. എന്‍റെ കഥകളെ തൂക്കി നോക്കി അയാള്‍ വില പറഞ്ഞു.

ആവര്‍ത്തനത്തിന്‍റെ മടുപ്പു അനുഭവപ്പെടുമെങ്കിലും പറയാനിനിയും കഥകള്‍ ബാക്കി. ആയിരത്തി ഒന്നു രാവുകളിലേറെയായി ഞാനത് നിന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു.
എന്നിട്ടും.................

.....എന്നിട്ടും ഒന്‍പത് മണിയുടെ ന്യൂസ് അവറില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ കേട്ട് വിപ്ളവാവേശത്തില്‍ നീ വിളിച്ചു പറഞ്ഞ രാഷ്ട്രീയ തമാശ കേട്ട് അന്തംവിട്ട് ചിരി വരാതെ നില്‍ക്കുന്ന എന്നെ നോക്കി നീ പറഞ്ഞു "ഒരു കഥയില്ലാത്ത പെണ്ണ് !! "