അമ്മിണിക്കുട്ടിക്ക് കുഞ്ഞനിയന് പിറന്നു.
അമ്മമ്മയുടെ പഴയ സാരി ഇടനാഴിയിലെ
കൊളുത്തില്‍ തൊട്ടിലായി തൂങ്ങിയാടി.
തട്ടിന്‍പുറത്ത് പൊടിപിടിച്ചു കിടന്നിരുന്ന
മൂച്ചക്രസൈക്കിളിന് ഇക്കിളി വന്നു.
വെള്ള തേച്ച ചുമരില്‍ തെളിഞ്ഞു വന്ന
പേരറിയാത്ത ജന്തുക്കളെ കണ്ട് മുത്തച്ഛന് അന്തം വിട്ടു.
ഉച്ചമയക്കത്തില്‍ അടുക്കളയിലെ ശര്‍ക്കര ഭരണി
പതുക്കെ കാലിയാവാന്‍ തുടങ്ങി.
മുറ്റത്ത് പൊന്തി വന്ന മണ്ണപ്പങ്ങളില് തട്ടി
കണ്ണു കാണാത്ത മുത്തശ്ശി വീഴാന്‍ പോയി.
കുത്തിയൊലിച്ച മഴവെള്ളപ്പാച്ചിലില്‍
ഒഴുകിവരുന്ന കടലാസു തോണികളും
ദിക്കറിയാതെ പരക്കം പായുന്ന കുഞ്ഞുറുമ്പുകളും
തോട്ടംപണിക്കാരെ രസം പിടിപ്പിച്ചു.
ഇതൊന്നും ഗൗനിക്കാതെ അമ്മിണിക്കുട്ടിയും കുഞ്ഞനിയനും
അമ്മയുടെ മുലപ്പാലിന്റെ നനവുള്ള സാരിത്തുമ്പില്‍ മുഖം പൂഴ്ത്തി കിടന്നുറങ്ങി.
3 comments:
നല്ല കവിത!!ലളിതം..മുത്തുട്ടനെ പോലെയുണ്ട് :)
kollaam valare lalitham
heart aches as the thought of memory of our lost childhood......because of the strength and depth of the language...
Post a Comment