Sunday, August 01, 2010
മഴക്കഥ
മഴയെ പറ്റി ഒരു കഥ എഴുതാന്‍ ഉമ്മറക്കോലായില് ചമ്രം പടിഞ്ഞ് ഇരുന്നു. ഇഷ്ടപ്പെട്ട പെന്നും പ്രിയപ്പെട്ട പുസ്തകവും എടുത്തു വച്ചിട്ടുണ്ട്. ചാറ്റല്‍മഴയാണ്...ഊത്താലടിക്കുമ്പോള്‍ രോമാഞ്ചം വരികയാണ്. ആകെ കുളിര് കോരുന്നു. തണുത്ത് മരവിക്കുന്നു. കരിമ്പടം പോതച്ച് കൂനിക്കൂടിയിരിക്കാന്‍ മനസ്സ് വെമ്പുന്നു. മഴത്തുള്ളി തുളുമ്പി തുളുമ്പി കഥയെ നനക്കാനും തണുപ്പ് അരിച്ച് അരിച്ച് ചെന്ന് കഥയെ ഇക്കിളിപ്പെടുത്താനും തുടങ്ങി. കഥ കടലാസില്‍ കിടന്ന് വീര്‍പ്പു മുട്ടി. തണുപ്പും നനവും സഹിക്കാന്‍ വയ്യാതായപ്പോള്‍ കഥ കടലാസു മടക്കി ഒരു തോണി ഉണ്ടാക്കി അതിന്‍റെ മടക്കുകളിലേക്കും ചുളിവുകളിലേക്കും കൂനിക്കൂടി ശരീരം ചൂടു പിടുപ്പിക്കാന്‍ തുടങ്ങി. തുള്ളിക്ക് കനം കൂടി വന്ന് ചാറ്റല്‍ മഴ പെരുമഴയാവാന്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. മഴവെള്ളം കോലായിലേക്ക് ഇരച്ചു കയറി. കഥയുണ്ടാക്കിയ കടലാസു തോണി മഴവെള്ളത്തിലൊലിച്ചു പോയി. അറ്റം കാണാത്ത വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച് ഇളകിമറിഞ്ഞ് അത് മുന്നോട്ടു പോകുമ്പോള്‍, ചൂടു പറ്റാന്‍ കയറിക്കൂടിയ കടലാസു മടക്കുകളില്‍ നിന്ന് തല പൊക്കി കഥയെന്നെ നോക്കി ഒരു ചിരി ചിരിച്ചു. ഒരു കഥയില്ലാത്ത ചിരി!
Subscribe to:
Posts (Atom)