വെള്ളത്തിനു മീതെ,കൈകാലുകള്‍ അനക്കാതെ, ആകാശത്ത് മേഘങ്ങള്‍ രൂപം മാറുന്നതും നോക്കി മലര്‍ന്നു കിടക്കുമ്പോള്‍ വെള്ളത്തിനടിയില്‍ മീനുകള്‍ മിണ്ടുന്ന ഒച്ച കേള്‍ക്കാം. കനവിലെന്ന പോലെ കനമില്ലാതെ കടലാസുകണക്കങ്ങനെ കിടന്ന് മീനൊച്ച കേള്‍ക്കുമ്പോഴാണ് ആദ്യമായി അടിവയറ്റില്‍ ആ വേദന വന്നത്. വേദന കൂടി വന്നപ്പോള്‍ ശരീരം തളരാന്‍ തുടങ്ങി. വേദനക്ക് കനം വച്ചു. കനം കൂടിക്കൂടി വന്നപ്പോള്‍ പതുക്കെ വെള്ളത്തിനടിയിലേക്ക് താഴുന്ന പോലെ തോന്നി. തുഴഞ്ഞു പൊന്താന്‍ ആഞ്ഞെങ്കിലുംകൈ അനക്കാന്‍ പോലും കഴിയുന്നില്ല. വല്ലാത്ത തളര്‍ച്ച. ആകാശവും മേഘങ്ങളും കാണാതായി. കുളത്തിന്‍റെ തണുപ്പും പായലിന്‍റെ കൊഴുപ്പും അറിയാന്‍ തുടങ്ങി. പരക്കം പായുന്ന പരല്‍മീനുകള്‍, നടുക്കം മാറാത്ത തവളപ്പൊട്ടുകള്‍
അനക്കമില്ലാതെ ആമ, മഷി വിതറി കണവ അങ്ങനെ പലതും തൊട്ടും തൊടാതെയും കടന്നു പോയി. കുറച്ചു കൂടെ താഴോട്ട് എത്തുമ്പോള്‍ നക്ഷത്ര മീനുകള്‍,പവിഴപ്പുറ്റുകള്‍, നീരാളി, കക്ക, ഞണ്ട്, മുത്തുചിപ്പി... അടിത്തട്ട് കാണാറായി. കാല് നനുത്ത ചേറില്‍ തട്ടി.ചേറിളകി മണം പരന്നു. കാല് ചവിട്ടി നില്‍ക്കാന്‍ ശ്രമിച്ചു. വെള്ളത്തിനടിയില്‍, തണുപ്പില്‍, ചേറില്‍, മീനുകളുടെ നടുവില്‍ നിന്ന് നോക്കുമ്പോഴതാ അവിടെ അമ്മ ഇരിക്കുന്നു. അമ്മയുടം മുടി ചീകി കൊണ്ട്പിറകില്‍ അമ്മമ്മയുണ്ട്. അവര്
മുടി ചീകി കൊച്ചു വര്‍ത്താനം പറഞ്ഞിരിക്കയാണ്, കാലങ്ങള്‍ താണ്ടി കല്ലിച്ച വേദനയോളം കനമുള്ള ഒരു തിമിംഗലത്തിന്‍റെ വാലിന്‍മേല്‍!